എം എഫ് ഹുസയ്‌ന്റെ 'സീറൂ ഫില്‍ അര്‍ദ്' അനാഛാദനം ചെയ്തു

Update: 2019-12-13 07:01 GMT

ദോഹ: ലോകപ്രശസ്ത ചിത്രകാരന്‍ എം എഫ് ഹുസയ്ന്‍ മരിക്കുന്നതിന് തൊട്ടുമുമ്പായി ഒരുക്കിയ ഇന്‍സ്റ്റലേഷന്‍ 'സീറൂ ഫില്‍ അര്‍ദ്' ഖത്തര്‍ ഫൗണ്ടേഷന്‍ എജ്യുക്കേഷന്‍ സിറ്റിയില്‍ അനാഛാദനം ചെയ്തു. ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സന്‍ ശെയ്ഖ മൗസ ബിന്‍ത് നാസര്‍, വൈസ് ചെയര്‍പേഴ്‌സന്‍ ശെയ്ഖ ഹിന്ദ് ബിന്‍ത് ഹമദ് ആല്‍ഥാനി സംബന്ധിച്ചു. അറബ് മേഖലയുടെ ചരിത്രത്തിലൂടെ മനുഷ്യ നാഗരികതയുടെ പുരോഗതിയെക്കുറിച്ചാണ് ഹുസയ്‌ന്റെ പുതിയ കലാസൃഷ്ടി വിവരിക്കുന്നത്.

    യൂറോപ്യന്‍ നവോഥാനത്തിനു മുമ്പും പിമ്പും അറബ് മേഖലയിലുണ്ടായ കണ്ടുപിടിത്തങ്ങളും മാറ്റങ്ങളും പരീക്ഷണങ്ങളുമൊക്കെ 'സീറൂ ഫില്‍ അര്‍ദ്' വിവരിക്കുന്നു. അബ്ബാസ് ഇബ്‌നു ഫര്‍നാസിന്റെയും ലിയനാഡോ ഡാവിഞ്ചിയുടെയും സൃഷ്ടികള്‍ താരതമ്യം ചെയ്ത്് ഇത് വിവരിക്കുന്നു. ഹുസയ്‌ന്റെ കലാസൃഷ്ടിയുടെ പശ്ചാത്തലത്തിലുള്ളത് കുതിരകളാണ്. ഹുസയ്‌ന്റെ മൃഗങ്ങളോടുള്ള ഇഷ്ടവും ഖത്തറിന്റെ കുതിര പൈതൃകവും ഇത് പ്രതിഫലിപ്പിക്കുന്നു. 2009ല്‍ കമ്മീഷന്‍ ചെയ്ത സീറൂ ഫില്‍ അര്‍ദിന്റെ ഒരു ഭാഗം മാത്രമേ 2011ല്‍ മരിക്കുന്നതിനു മുമ്പ് ഹുസയ്‌ന് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നുള്ളു. തുടര്‍ന്ന് ഖത്തര്‍ ഫൗണ്ടേഷനാണ് ഇത് പൂര്‍ത്തിയാക്കുന്നത്. ഹുസയ്‌ന്റെ മനസ്സിലുണ്ടായിരുന്ന മുഴുവന്‍ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചാണ് സൃഷ്ടി പൂര്‍ത്തിയാക്കിയത്. ഇന്‍സ്റ്റലേഷന്‍ എജ്യുക്കേഷന്‍ സിറ്റിക്കകത്തെ അല്‍ ശഖാബ് ഇക്വസ്ട്രിയന്‍ സെന്ററിനു സമീപത്തുള്ള കെട്ടിടത്തില്‍ സ്ഥാപിക്കും.

    1984ല്‍ ഷെറാട്ടണ്‍ ഹോട്ടലിലാണ് ഖത്തറില്‍ ആദ്യമായി ഹുസയ്‌ന്റെ എക്‌സിബിഷന്‍ നടന്നത്. 10 വര്‍ഷം മുമ്പ് ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയത്തിലാണ് പിന്നീട് ഹുസയ്ന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. അതിന് പിന്നാലെയാണ് അദ്ദേഹം ഖത്തറില്‍ അഭയം തേടുകയും ഖത്തര്‍ പൗരത്വം നല്‍കുകയും ചെയ്തത്. ഹുസയ്ന്‍ ഖത്തറിലായിരിക്കേ വരച്ച പെയ്ന്റിങുകള്‍ 'ഹോഴ്‌സസ് ഓഫ് ദി സണ്‍' എന്ന പേരില്‍ മതാഫ് അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ ഈ വര്‍ഷം ആദ്യം പ്രദര്‍ശിപ്പിച്ചിരുന്നു.




Tags:    

Similar News