പാക് അധീന കശ്മീര്‍ അടുത്തുതന്നെ ഇന്ത്യയുമായി ലയിക്കുമെന്ന് കേന്ദ്രമന്ത്രി വി കെ സിങ്

Update: 2023-09-12 05:47 GMT

ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ കുറച്ചുകാലത്തിനു ശേഷം ഇന്ത്യയുമായി ലയിക്കുമെന്ന് കേന്ദ്രമന്ത്രിയും മുന്‍ സൈനിക മേധാവിയുമായ റിട്ട. ജനറല്‍ വികെ സിങ്. പ്രദേശം ഇന്ത്യയുമായി ലയിപ്പിക്കണമെന്ന ചില പ്രദേശവാസികളുടെ ആവശ്യത്തെ കുറിച്ചും വിഷയത്തില്‍ ബിജെപിയുടെ നിലപാട് എന്താണെന്നും ചോദിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. പിഒകെ ഇന്ത്യയുമായി ലയിക്കും. കുറച്ച് സമയം കാത്തിരിക്കൂ എന്നായിരുന്നു പരാമര്‍ശം. ഈവര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെ ദൗസയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെ അക്‌സായി ചിന്‍, അരുണാചല്‍ പ്രദേശ്, ദക്ഷിണ ചൈനാ കടലിലെ ചില തര്‍ക്ക പ്രദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഏറ്റവും പുതിയ 'സ്റ്റാന്‍ഡേര്‍ഡ് മാപ്പ്' ചൈന പുറത്തിറക്കിയത് ഏറെ ചര്‍ച്ചയായിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൈനയുടെ ഭൂപടത്തിനെതിരേ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തുകയും അത് അവരുടെ പഴയ ശീലമാണെന്നും പറഞ്ഞിരുന്നു. ചൈന തങ്ങളുടേതല്ലാത്ത ഭൂപ്രദേശങ്ങളുള്ള ഭൂപടങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. അതൊരു പഴയ ശീലമാണ്. ഞങ്ങളുടെ പ്രദേശമാണ്. അസംബന്ധമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് മറ്റുള്ളവരുടെ പ്രദേശങ്ങള്‍ നിങ്ങളുടേതാക്കില്ലെന്നായിരുന്നു ജയശങ്കറിന്റെ മറുപടി.

    പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. തങ്ങളുടെ സംയുക്ത പ്രസ്താവനകളില്‍ കശ്മീരിനെ പരാമര്‍ശിച്ചതിന് പാക്കിസ്താനെയും ചൈനയെയും ഇന്ത്യ വിമര്‍ശിച്ചിരുന്നു. മെയ് മാസത്തില്‍ ഗോവയില്‍ നടന്ന എസ്‌സിഒ ഉച്ചകോടിയില്‍, ജമ്മു കശ്മീരിലെ ആക്രമണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് പാകിസ്താനെ ജയശങ്കര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അനധികൃതമായി കൈയേറിയ പ്രദേശങ്ങള്‍ എപ്പോള്‍ ഒഴിപ്പിക്കുമെന്നായിരുന്നു ജയശങ്കറിന്റെ ചോദ്യം. അന്നത്തെ പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ സാന്നിധ്യത്തിലായിരുന്നു അഭിപ്രായപ്രകടനം. പിഒകെ ഇന്ത്യയുടെ ഭാഗമാണെന്നും ഒരു ദിവസം അതിന്മേല്‍ രാജ്യത്തിന് ഭൗതിക അധികാരം ഉണ്ടാകുമെന്നും ജയശങ്കര്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

Tags:    

Similar News