തബ്‌ലീഗ് പ്രവര്‍ത്തകര്‍ താമസിച്ച മസ്ജിദിനു നേരെ വെടിവയ്പ്: നാലു പേര്‍ അറസ്റ്റില്‍
വിനോദ് (40), പവന്‍ എന്ന ഫൈറ്റര്‍ (41), ആലം ഖാന്‍ (39), ഹര്‍കേഷ് (18) എന്നിവരാണ് പിടിയിലായത്.
ഗുരുഗ്രാം: തബ്‌ലീഗ് ജമാഅത്തുകാര്‍ താമസിച്ച ധന്‍കോട്ട് ഗ്രാമത്തിലെ പള്ളിയില്‍ വെടിവയ്പ്പ് നടത്തിയ നാലു പ്രദേശവാസികളെ ഗുരുഗ്രാം പോലിസ് അറസ്റ്റ് ചെയ്തു. വിനോദ് (40), പവന്‍ എന്ന ഫൈറ്റര്‍ (41), ആലം ഖാന്‍ (39), ഹര്‍കേഷ് (18) എന്നിവരാണ് പിടിയിലായത്. ബസായ് റോഡിലെ ഹരിയാന ഷെഹ്രി വികാസ് പ്രകാരന്‍ (എച്ച്എസ്വിപി) വാട്ടര്‍ പ്ലാന്റില്‍ പ്രതികള്‍ ഒളിച്ച് കഴിയുന്നുവെന്ന രഹസ്യവിവരത്തെതുടര്‍ന്ന് സംഭവ സ്ഥലം റെയ്ഡ് ചെയ്താണ് ഇവരെ പിടികൂടിയത്.
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട റിപോര്‍ട്ടുകളെ തുടര്‍ന്ന് തബ്‌ലീഗ് ജമാഅത്തുകാരോട് വിദ്വേഷമുണ്ടായിരുന്നതായും അവരെ പള്ളിയില്‍ നിന്നു പുറത്താക്കാന്‍ ആഗ്രഹിച്ചിരുന്നതായും പ്രതികള്‍ പോലിസിനോട് കുറ്റം സമ്മതം നടത്തി.
സംസ്ഥാനത്തൊട്ടാകെ നടത്തിയ നിരവധി റെയ്ഡുകളുടെ ഭാഗമായി അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് പള്ളിയിലെ തബ്ലീഗ് അംഗങ്ങളെ ഒഴിപ്പിക്കുകയും അവരെ ക്വാറന്റൈനില്‍ ആക്കുകയും ചെയ്തിരുന്നു.
കൊറോണ വ്യാപനത്തില്‍നിന്നു നഗരത്തെ രക്ഷിക്കാന്‍ ആഗ്രഹിച്ച തങ്ങള്‍ പള്ളിയില്‍ ഏതെങ്കിലും തബ്‌ലീഗ് പ്രവര്‍ത്തകര്‍ ശേഷിക്കുന്നുണ്ടോ എന്നു പരിശോധിക്കാനാണ് പോയതെന്നും പ്രതികള്‍ അവകാശപ്പെട്ടു. മസ്ജിദിന്റെ കവാടങ്ങള്‍ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് തങ്ങള്‍ വെടിയുതിര്‍ത്തത്. പള്ളിയിലെ തബ്‌ലീഗ് പ്രവര്‍ത്തകര്‍ നഗരമാകെ വൈറസ് പടര്‍ത്താന്‍ പദ്ധതിയിട്ടുവെന്ന തരത്തില്‍ വ്യാപകമായി പ്രചരിച്ച വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ തങ്ങളെ ഭയപ്പെടുത്തുകയും ഭയപ്പെടുകയും പരിഭ്രാന്തരാവുകയും ചെയ്തതായും പ്രതികള്‍ പറഞ്ഞു. നാലുപേരെയും ഡ്യൂട്ടി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.