വിദ്വേഷ പ്രസംഗം; തെലങ്കാന ബിജെപി അധ്യക്ഷനെതിരേ പോലിസില്‍ പരാതി

Update: 2022-05-26 18:42 GMT

ഹൈദരാബാദ്: കരിംനഗര്‍ ടൗണില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ്‌ക്കെതിരേ പോലിസില്‍ പരാതി നല്‍കി. തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) നേതാക്കളാണ് കരിംനഗറില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയായ സഞ്ജയ്‌ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കരിംനഗറിലെ ടു ടൗണ്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. സഞ്ജയ്‌ക്കെതിരേ നടപടിയെടുക്കണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും (എഐഎംഐഎം) സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ മുസ്‌ലിം നേതാക്കളും ഇയാള്‍ക്കെതിരേ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രാദേശിക ടിആര്‍എസ് നേതാക്കള്‍ കരിംനഗറിലെ പോലിസ് സ്‌റ്റേഷനില്‍ സഞ്ജയ്‌ക്കെതിരേ രണ്ട് വ്യത്യസ്ത പരാതികളാണ് നല്‍കിയത്. മുസ്‌ലിംകള്‍ക്കും മുസ്‌ലിം പള്ളികള്‍ക്കും മദ്‌റസകള്‍ക്കുമെതിരേ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഇയാള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് പരാതിയില്‍ അവര്‍ ആവശ്യപ്പെട്ടു. അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും തെലങ്കാനയുടെ സാമുദായിക സൗഹാര്‍ദം സംരക്ഷിക്കുന്നതിനും മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് എം മഹേന്ദര്‍ റെഡ്ഡി എന്നിവരോട് എഐഎംഐഎം അഭ്യര്‍ഥിച്ചു.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ എട്ടുവര്‍ഷമായി തെലങ്കാനയിലെ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അതിനാലാണ് സഞ്ജയ് വിദ്വേഷം പ്രചരിപ്പിക്കുന്നതെന്നും പാര്‍ട്ടി ട്വീറ്റ് ചെയ്തു. അതേസമയം, 33 ജില്ലകളിലെയും പാര്‍ട്ടി നേതാക്കള്‍ സഞ്ജയ്‌ക്കെതിരേ പോലിസില്‍ പരാതി നല്‍കുമെന്ന് തെലങ്കാന കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വകുപ്പ് ചെയര്‍മാന്‍ അബ്ദുല്ല സൊഹൈല്‍ ഷെയ്ക്ക് അറിയിച്ചു. വിദ്വേഷ പ്രസംഗത്തില്‍ പോലിസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യണമായിരുന്നു. എന്നാല്‍, ഭരണകക്ഷിയായ ടിആര്‍എസിന് ബിജെപിയുമായി രഹസ്യധാരണയുള്ളതിനാല്‍ നടപടിയൊന്നുമുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.

പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി ജനശ്രദ്ധ നേടാനുള്ള ശ്രമത്തിലാണ് സഞ്ജയ്. ബുധനാഴ്ച കരിംനഗറില്‍ ഹിന്ദു ഏകതാ യാത്രയെ അഭിസംബോധന ചെയ്യവെയാണ് ബിജെപി എംപി വിദ്വേഷ പ്രസംഗം അഴിച്ചുവിട്ടത്. തെലങ്കാനയിലെ മുസ്‌ലിം ഭരണാധികാരികള്‍ നിരവധി ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും അവയ്ക്ക് മുകളില്‍ പള്ളികള്‍ നിര്‍മിക്കുകയും ചെയ്തുവെന്ന് സഞ്ജയ് ആരോപിച്ചു. എല്ലാ പള്ളികളിലും കുഴിയെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അതിന്റെ അടിയില്‍ ശിവലിംഗങ്ങള്‍ കണ്ടെത്താനുള്ള സാധ്യതയുണ്ട്. തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ എല്ലാ മദ്‌റസകളും നിര്‍ത്തലാക്കും. മുസ്‌ലിംകള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കും. രണ്ടാം ഔദ്യോഗിക ഭാഷയായി ഉറുദു നീക്കം ചെയ്യുമെന്നും ബിജെപി എംപി പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News