തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച പാറശ്ശാല ഷാരോണ്‍ വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര സെഷൻസ് കോടതിയിലാണ് പോലിസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊന്നതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 മത്തെ ദിവസമാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.
കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് പുറമേ വിഷം നൽകാനായി പ്രലോഭിപ്പിച്ച് ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തുന്നതിന് ഗ്രീഷ്മക്കെതിരെ 364മത് വകുപ്പും പൊലീസ് ചുമത്തിയിട്ടുണ്ട്. തെളിവ് നശിപ്പിച്ചത് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽകുമാരൻ നായർ എന്നിവരെ രണ്ട് മൂന്നും പ്രതികളാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.