പോലിസുകാരന്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍; സുഹൃത്ത് അറസ്റ്റില്‍

ജോലിക്ക് സ്ഥിരമായി എത്താതിരുന്നതിനാല്‍ അന്വേഷണനടപടികള്‍ തുടങ്ങിയിരുന്നു

Update: 2024-10-15 02:42 GMT

കൊല്ലം: ചിതറയില്‍ പോലിസ് ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. അടൂര്‍ ക്യാംപിലെ ഹവില്‍ദാറായ നിലമേല്‍ വളയിടം ചരുവിള പുത്തന്‍വീട്ടില്‍ ഇര്‍ഷാദ് (26) ആണ് മരിച്ചത്. കേസില്‍ ചിതറ കല്ലുവെട്ടാന്‍കുഴി യാസിന്‍ മന്‍സിലില്‍ മുഹമ്മദ് സഹദിനെ (26) അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ വിശ്വാസ് നഗറിലുള്ള സഹദിന്റെ വീട്ടിലാണ് സംഭവമുണ്ടായതെന്ന് പോലിസ് പറയുന്നു.

സഹദിന്റെ സുഹൃത്തായ ഇര്‍ഷാദ് കുറച്ചു കാലമായി സഹദിന്റെ വീട്ടിലായിരുന്നു താമസം. രാവിലെ 11 മണിയോടെ സഹദിന്റെ പിതാവ് അബ്ദുള്‍ സലാം വീട്ടിനകത്തേക്ക് കയറുമ്പോള്‍ കത്തിയുമായി അസ്വാഭാവിക നിലയില്‍ നില്‍ക്കുന്ന സഹദിനെ കാണുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. മുകള്‍ നിലയിലെ മുറിയില്‍ കയറി നോക്കിയപ്പോഴാണ് ഇര്‍ഷാദിന്റെ മൃതദേഹം കാണുന്നത്.

പരിശോധനക്ക് എത്തിയ ഡോഗ് സ്‌ക്വാഡ് കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെടുത്തു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇര്‍ഷാദിന് സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് ജോലി ലഭിച്ചിരുന്നത്. ജോലിക്ക് സ്ഥിരമായി എത്താതിരുന്നതിനാല്‍ അന്വേഷണനടപടികള്‍ തുടങ്ങിയിരുന്നു. പരേതനായ അഷ്‌റഫിന്റെയും ഷീജയുടെയും മകനാണ് ഇര്‍ഷാദ്. സഹോദരന്‍: സൈനികനായ അര്‍ഷാദ്.

Tags:    

Similar News