പോലിസ് തലപ്പത്ത് അഴിച്ചുപണി; ഹര്‍ഷിത അട്ടല്ലൂരി ഇന്റലിജന്‍സ് ഐജി, പി പ്രകാശ് ദക്ഷിണമേഖലാ ഐജി

Update: 2021-12-31 17:49 GMT

തിരുവനന്തപുരം: വിവാദങ്ങളെത്തുടര്‍ന്ന് മുഖം നഷ്ടപ്പെട്ട പോലിസ് സേനയില്‍ വന്‍ അഴിച്ചുപണി നടത്തി ആഭ്യന്തര വകുപ്പ്. ഐജി ഹര്‍ഷിത അട്ടല്ലൂരിയെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. പി പ്രകാശിനെ ദക്ഷിണമേഖലാ ഐജിയായും ആര്‍ നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായും നിയമിച്ചു. ജില്ലാ പോലിസ് മേധാവിമാര്‍ക്കും മാറ്റമുണ്ട്. തുടര്‍ച്ചയായി ഗുണ്ടാ ആക്രമണങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന തിരുവനന്തപുരത്ത് പുതിയ കമ്മീഷണറും റൂറല്‍ എസ്പിയും എത്തുന്നു എന്നതാണ് അഴിച്ചുപണിയിലെ ശ്രദ്ധേയമായ കാര്യം. ജി സ്പര്‍ജന്‍കുമാര്‍ ആണ് പുതിയ തിരുവനന്തപുരം കമ്മീഷണര്‍. ഐജിമാരായ മഹിപാല്‍ യാദവ്, ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവരെ എഡിജിപിമാരായി പ്രമോട്ട് ചെയ്തു.

ട്രെയിനിങ് ചുമതലയുള്ള എഡിജിപിയായി ബല്‍റാം കുമാര്‍ ഉപാധ്യായക്ക് പുതിയ നിയമനം നല്‍കി. എഡിജിപി യോഗോഷ് ഗുപ്തയെ പോലിസ് അക്കാദമി ഡയറക്ടറായി മാറ്റി നിയമിച്ചു. ആറ് ഡിഐജിമാരെ ഐജി റാങ്കിലേക്ക് പ്രമോട്ട് ചെയ്തു. അനൂപ് കുരുവിള ജോണിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ നിയമിച്ചു. കെ സേതുരാമനെ പോലിസ് അക്കാദമിയിലും കെ പി ഫിലിപ്പിന് ക്രൈംബ്രാഞ്ചിലും നിയമനം നല്‍കി. കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ പദവി ഐജി റാങ്കിലേക്ക് ഉയര്‍ത്തിയതാണ് മറ്റൊരു നിര്‍ണായകമായ മാറ്റം. പ്രമോഷന്‍ ലഭിച്ച നിലവിലെ കമ്മീഷണര്‍ എ വി ജോര്‍ജ് ഇവിടെ തുടരും. സഞ്ജയ് കുമാര്‍ ഗരുഡിനെ ആംഡ് പോലിസ് ബറ്റാലിയനില്‍ നിയമിച്ചു.

രാഹുല്‍ ആര്‍ നായര്‍ കണ്ണൂര്‍ റേഞ്ച് ഐജിയായി തുടരും. പുട്ട വിമലാദിത്യ, അജിതാ ബീഗം, സതീഷ് ബിനോ എന്നിവര്‍ കേന്ദ്രസര്‍വീസിലേക്ക് ഡെപ്യൂട്ടേഷനില്‍ പ്രവേശിച്ചു. എസ്പി അംഗിത് അശോക് തിരുവനന്തപുരം ഡിസിപിയാവും. വൈഭവ് സക്ക്‌സേനയാണ് പുതിയ കാസര്‍കോട് എസ്പി. പി ബി രാജീവിനെ കണ്ണൂര്‍ റൂറല്‍ എസ്പിയായും ആമോസ് മാമനെ കോഴിക്കോട് ഡിസിപിയായും നിയമിച്ചു. സ്വപ്‌നില്‍ മധു കര്‍ മഹാജനാണ് പുതിയ പത്തനംതിട്ട എസ്പിയായി ചുമതലയേല്‍ക്കുക. ദിവ്യ ഗോപിനാഥിനെ തിരുവനന്തപുരം റൂറല്‍ എസ്പിയായും ഐശ്വര്യ ഡോഗ്രയെ തൃശൂര്‍ റൂറല്‍ എസ്പിയായും നിയമിച്ചു.

Tags:    

Similar News