ഇസ്രായേലിന്റെ അധിനിവേശ താല്‍പ്പര്യങ്ങള്‍ക്ക് ലോകം വഴങ്ങരുത്: പോപുലര്‍ഫ്രണ്ട്

ഇസ്രായേലിന്റെ അധിനിവേശ താല്‍പ്പര്യങ്ങള്‍ക്ക് തടയിടാന്‍ ഐക്യരാഷ്ട്ര സഭയും ലോകരാഷ്ട്രങ്ങളും തങ്ങള്‍ക്കാവുന്ന എല്ലാ മാര്‍ഗങ്ങളും പ്രയോഗിക്കണമെന്നും പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

Update: 2020-05-23 14:14 GMT

ന്യൂഡല്‍ഹി: അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങളെ തങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കാനുള്ള ഇസ്രായേലി നീക്കത്തെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒഎംഎ സലാം അപലപിച്ചു.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇസ്രായേലി പ്രതിപക്ഷവും ചേര്‍ന്നാണ് ഫലസ്തീന്റെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ഫലസ്തീന്‍ പ്രദേശത്ത് പതിറ്റാണ്ടുകളായി നടക്കുന്ന കോളൊണിയല്‍ അധിനിവേശത്തിലെ ഏറ്റവും പുതിയ അപകടകരമായ ഇസ്രായേല്‍ നീക്കമാണിത്.

അന്താരാഷ്ട്രാ ഉടമ്പടികളും ഐക്യരാഷ്ട്ര സഭാ പ്രമേയങ്ങളും നിരവധി തവണ ലംഘിച്ച ഇസ്രായേല്‍, ചര്‍ച്ചകളോടും സമാധാന നീക്കങ്ങളോടും മുഖം തിരിക്കുകയായിരുന്നു. അമേരിക്കയുടെ നിരുപാധിക പിന്തുണയോടെയാണ് രാജ്യാന്തര നിയമങ്ങളെ ഈ നിലയില്‍ ഇസ്രായേല്‍ പരിഹസിക്കുന്നത്. നിയമങ്ങളും കരാറുകളും ആവര്‍ത്തിച്ച് ലംഘിച്ചിട്ടും ഇസ്രായേലിനെ കൊണ്ട് മറുപടി പറയിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്കും രാജ്യാന്തര വേദികള്‍ക്കും കഴിയാത്തതും ഇതിന് ആക്കം കൂട്ടുന്നു. വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റവും ഗസ മുനമ്പിലെ മനുഷ്യത്വ രഹിതമായ ഉപരോധവും ഈ ഘട്ടത്തിലും ഇസ്രായേല്‍ അവസാനിപ്പിച്ചിട്ടില്ല.

ഏറ്റവും പുതിയ നീക്കം രാജ്യാന്തര നിയമത്തിന്റെ ലംഘനം മാത്രമല്ല, മറിച്ച് ആ മേഖലയെ ഇത് നീണ്ടകാലത്തേക്ക് അസ്ഥിരതയിലേക്കും അരക്ഷിതാവസ്ഥയിലേക്കും നയിക്കുകയും ചെയ്യും.

ഇസ്രായേലിന്റെ അധിനിവേശ താല്‍പ്പര്യങ്ങള്‍ക്ക് തടയിടാന്‍ ഐക്യരാഷ്ട്ര സഭയും ലോകരാഷ്ട്രങ്ങളും തങ്ങള്‍ക്കാവുന്ന എല്ലാ മാര്‍ഗങ്ങളും പ്രയോഗിക്കണമെന്നും പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ആവശ്യപ്പെട്ടു.


Tags:    

Similar News