പോപുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്യുന്നു; സിപിഎം നിലപാട് തള്ളി കെ ടി ജലീല്‍
ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളിത്തമുള്ളതായും അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കിയതായും ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതിന്റെ വെളിച്ചത്തിലുള്ള നിരോധനത്തെ സ്വാഗതം ചെയ്യുന്നു
മലപ്പുറം: പോപുലര്‍ ഫ്രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ വിഷയത്തില്‍ സിപിഎം നിലപാട് തള്ളി കെ ടി ജലീല്‍ എംഎല്‍എ. പോപുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബുധനാഴ്ച്ച രാവിലെയാണ് യുഎപിഎ നിയമപ്രകാരം പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
മുസ്‌ലിംകള്‍ക്കിടയില്‍ തീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കുന്നതായും ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളിത്തമുള്ളതായും അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കിയതായും ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതിന്റെ വെളിച്ചത്തിലുള്ള നിരോധനത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം, ഹൈന്ദവ സമുദായത്തില്‍ ഇതേ കാര്യങ്ങള്‍ ചെയ്യുന്ന ആര്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തേണ്ടതായിരുന്നു. ശശികല ടീച്ചര്‍ ഉള്‍പ്പടെയുള്ള വര്‍ഗീയ വിഷം ചീറ്റുന്നവരെ ജയിലിലടക്കുകയും ചെയ്യണമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
അതേസമയം പോപുലര്‍ ഫ്രണ്ട് നിരോധനത്തെ തള്ളുന്നതാണ് സിപിഎം കേന്ദ്ര കമ്മിറ്റിയുടേയും സംസ്ഥാന നേതൃത്വത്തിന്റേയും നിലപാട്. സിതാറാം യച്ചൂരി വിഷയത്തില്‍ തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തി പോപുലര്‍ ഫ്രണ്ട് നിരോധനത്തെ എതിര്‍ത്ത് രംഗത്തുവന്നിരുന്നു. ഇതിനെ തള്ളിയാണ് കെ ടി ജലീലിന്റെ പ്രതികരണം.