പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്ലൂയിസ് ഗേറ്റ് നാളെ തുറക്കും: ജാഗ്രത പാലിക്കണം
ചാലക്കുടി പുഴയിലെ ജലനിരപ്പ് 3 അടിവരെ ഉയരുവാനും വെളളം കലങ്ങുവാനും സാധ്യതയുണ്ട്.
ചാലക്കുടി: തൃശൂര്‍ ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ പൊരിങ്ങല്‍ക്കുത്ത് ഡാമിലേക്കുളള നീരൊഴുക്ക് കൂടുതലായതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് നാളെ രാവിലെ 7.30 ന് തുറക്കും. 18 അടിയാണ് സ്ലൂയിസ് ഗേറ്റ് ഉയര്‍ത്തുക. തല്‍ഫലമായി 200 ക്യൂമെക്‌സ് ജലം ചാലക്കുടിപുഴയിലേക്ക് ഒഴുകും.
ചാലക്കുടി പുഴയിലെ ജലനിരപ്പ് 3 അടിവരെ ഉയരുവാനും വെളളം കലങ്ങുവാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മീന്‍പിടുത്തമുള്‍പ്പെടെയുളള അനുബന്ധ പ്രവൃത്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പുഴയുടെ തീരങ്ങളിലുളളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ഡാമിലെ ജലനിരപ്പ് 419.41 മീറ്റര്‍ ആയപ്പോള്‍ സ്പില്‍വേകളിലൂടെ ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു.