മാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്‌നപരിഹാരം കണ്ടെത്തണം: എസ് ഡിപിഐ

Update: 2024-05-16 17:06 GMT

മാട്ടൂല്‍: മാട്ടൂല്‍ ഗ്രാമപ്പഞ്ചായത്തിലെ ജനങ്ങള്‍ കാലങ്ങളായി അനുഭവിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തരമായി പ്രശ്‌നപരിഹാരം കണ്ടെത്തണമെന്ന് എസ്ഡിപിഐ മാട്ടൂല്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വേനല്‍ ചൂടില്‍ വെന്തുരുകുമ്പോള്‍ പകല്‍ സമയങ്ങളിലുള്ള വൈദ്യുതി നിയന്ത്രണവും രാത്രി സമയങ്ങളിലെ വോള്‍ട്ടേജ് ക്ഷാമവും കാരണം മാട്ടൂല്‍ ജനത വലിയ പ്രതിസന്ധിയിലാണ്. മാട്ടൂലിന്റെ ഭൂവിസ്തൃതി, ഭവന-കെട്ടിടങ്ങളുടെ എണ്ണം, പൗരന്മാരുടെ എണ്ണത്തിനനുസരിച്ച് വൈദ്യുതി വിതരണത്തില്‍ കൊണ്ടുവരേണ്ട അടിസ്ഥാന സാങ്കേതിക മാറ്റങ്ങള്‍ സമയബന്ധിതമായി മാട്ടൂലില്‍ നടപ്പാവുന്നില്ല. വൈദ്യുതി ബോര്‍ഡിന്റെ സാങ്കേതിക പ്രശ്‌നം മൂലം വൈദ്യുതി പ്രതിസന്ധി മാട്ടൂലില്‍ വളരെ രൂക്ഷമാണ്. ഇതുമൂലം ദൈനംദിനം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍, പിഞ്ചുകുട്ടികള്‍, കിടപ്പ് രോഗികള്‍ ഉള്‍പ്പെടെ പതിനായിരങ്ങളാണ് പ്രയാസമനുഭവിക്കുന്നത്. ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് വൈദ്യുതി ബോര്‍ഡ് പ്രഖ്യാപിക്കുന്നു. എന്നാല്‍ മാട്ടൂലില്‍ പകല്‍ സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. രാത്രി കാലങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം കൊണ്ട് പലയിടങ്ങളിലും ഉറങ്ങാന്‍ പോലും കഴിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. മാട്ടൂലിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സബ് സെന്റര്‍ സ്ഥാപിക്കണം. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുതി ബോര്‍ഡും പഞ്ചായത്ത് അധികൃതരും തയ്യാറാവണമെന്നും എസ്ഡിപിഐ മാട്ടൂല്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ എസ്ഡിപിഐ മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ അസ്ഹദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ കെ അനസ്, സെക്രട്ടറി പി പി ശംസുദ്ദീന്‍, ജോയിന്റ സെക്രട്ടറി എം കെ ഉനൈസ്, ടി ടി വി ഹാഷിം, കെ ഇസ്മീറ, യു സമീന സംബന്ധിച്ചു.

Tags:    

Similar News