എഡിഎമ്മിന്റെ മരണം: പി പി ദിവ്യ കീഴടങ്ങി
കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്.
തലശ്ശേരി: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ പി പി ദിവ്യ പോലിസിന് മുന്നില്‍ കീഴടങ്ങി. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. ചോദ്യം ചെയ്ത ശേഷം പോലിസ് തുടര്‍നടപടികള്‍ സ്വീകരിക്കും.
പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചാല്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യഹരജി തള്ളിയുള്ള വിധിയില്‍ പറഞ്ഞിരുന്നത്. യാത്രയയപ്പ് പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ പ്രതിഭാഗം ഒഴിവാക്കിയെന്നും പ്രതിയുടെ യോഗ്യതകള്‍ ജാമ്യം നല്‍കുന്നതിന് കാരണമല്ലെന്നും ഹരജിക്കാരിയുടെ പ്രവൃത്തി മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വഴിയെ പോകുമ്പോള്‍ യാത്രയയപ്പ് ചടങ്ങ് കണ്ട് താന്‍ കയറിയതാണെന്ന് ചടങ്ങില്‍ ദിവ്യ പറഞ്ഞിരുന്നു. ഈ ഭാഗം ഒഴിവാക്കിക്കൊണ്ടുള്ള പ്രസംഗത്തിന്റെ ഭാഗമായിരുന്നു പ്രതിഭാഗം ഹാജരാക്കിയതെന്ന് കോടതി കണ്ടെത്തി. താന്‍ പൊതുപ്രവര്‍ത്തകയാണ്, രാഷ്ട്രീയ നേതാവാണ്, നിരവധി കിലോമീറ്ററുകള്‍ യാത്ര ചെയ്ത് പൊതുപ്രവര്‍ത്തനം നടത്തുന്ന ആളാണ്, കുടുംബമുണ്ട് തുടങ്ങിയ വാദങ്ങള്‍ പിപി ദിവ്യ ഉന്നയിച്ചെങ്കിലും ഇതൊന്നും മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള കാരണമായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതിയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ല എന്നും വിധിപ്രസ്താവത്തില്‍ പറയുന്നു. യാത്രയയപ്പ് ചടങ്ങില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതുമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരത്തെ തന്നെ ദിവ്യയ്ക്ക് അറിയാമായിരുന്നു. അത് അറിഞ്ഞു കൊണ്ടുതന്നെയാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിരിക്കുന്നത്. അതിനുപിന്നില്‍ ആസൂത്രണം നടത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥനായ ആള്‍ക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തുക എന്ന് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തിയതെന്നും വിധിയില്‍ പറയുന്നു.
പ്രാദേശിക ടെലിവിഷന്‍ ചാനലിനെ വിളിച്ച് ഷൂട്ട് ചെയ്യിപ്പിച്ച് പത്തനംതിട്ടയില്‍ വീഡിയോ പ്രചരിപ്പിച്ചു. ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ല എന്ന സ്ഥിതിയിലെത്തിച്ചു. ചെയ്യുന്ന പ്രവൃത്തിയുടെ പ്രത്യാഘാതം ദിവ്യ മനസ്സിലാക്കിയിരുന്നുവെന്നും വിധി പറയുന്നു.