ജിദ്ദ: ജിദ്ദ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യോല്‍സവ് പതിനാലാമത് എഡിഷന്‍ നവംബര്‍ ഒന്നിന് ജിദ്ദയില്‍ അരങ്ങേറും. പ്രവാസി വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ സര്‍ഗാത്മകത വികസിപ്പിക്കുക, സാമൂഹിക ധാര്‍മിക മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുക എന്നിവയാണ് ലക്ഷ്യം. 19 രാഷ്ട്രങ്ങളിലാണ് ഇത്തവണ സാഹിത്യോല്‍സവുകള്‍ നടക്കുന്നത്. ജിദ്ദയിലെ വിവിധ കാംപസുകളില്‍ നിന്നുമുള്ള പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കാംപസ് വിഭാഗം മല്‍സരങ്ങളും നടക്കും. 99 ഇനങ്ങളില്‍ 12 വേദികളിലായാണ് മല്‍സരങ്ങള്‍ അരങ്ങേറുക. ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ മല്‍സര വിജയികള്‍ ജിസാനില്‍ നടക്കുന്ന നാഷനല്‍ സാഹിത്യോല്‍സവില്‍ പങ്കെടുക്കും.
രാവിലെ എട്ടിന് ഉല്‍ഘാടന സംഗമത്തോടെ മല്‍സരങ്ങള്‍ തുടങ്ങും. വൈകീട്ട് അഞ്ചിന് സാംസ്‌കാരിക ഒത്തിരിപ്പില്‍ ജിദ്ധയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ സംബന്ധിക്കും. ശേഷം നടക്കുന്ന സമാപന സെഷനില്‍ ചാംപ്യന്മാര്‍ക്കുള്ള ട്രോഫി വിതരണവും നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി 0530650025 0544318802 എന്ന നമ്പറില്‍ ഒക്ടോബര്‍ 15നകം ബന്ധപ്പടണം.
ജിദ്ദയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍, ആര്‍എസ്‌സി ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് മന്‍സൂര്‍ ചുണ്ടമ്പറ്റ, കലാലയം സാംസ്‌കാരിക വേദി സൗദി വെസ്റ്റ് കണ്‍വീനര്‍ ഖലീലുര്‍റഹ്മാന്‍ കൊളപ്പുറം, ജിദ്ദ സിറ്റി ചെയര്‍മാന്‍ ജാബിര്‍ നഈമി, സംഘാടക സമിതിയംഗം മുഹമ്മദ് റിയാസ് കടക്കല്‍ പങ്കെടുത്തു.