വെർണോൺ ​ഗോൺസാൽവേസിന് ചികിൽസ നിഷേധിക്കുന്നു; ആരോപണവുമായി കുടുംബം

അഭിഭാഷകയും വെർണോണിന്റെ ഭാര്യയുമായ സൂസൻ എബ്രഹാം കോടതിയെ സമീപിച്ച് ഉത്തരവ് നേടിയ ശേഷമാണ് ജയിൽ അധികൃതർ ജെജെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

Update: 2022-09-11 14:55 GMT

മുംബൈ: ഭീമാ കൊറേഗാവ് - എൽഗർ പരിഷത്ത് കേസിലെ പ്രതികളിലൊരാളും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനുമായ വെർണോൺ ഗോൺസാൽവേസിന് ചികിൽസ നിഷേധിക്കുന്നുവെന്ന് കുടുംബം. ഭീമാ കൊറേ​ഗാവ് കേസിൽ കുറ്റാരോപിതരായവരുടെ കുടുംബാം​ഗങ്ങളാണ് പരാതിയുമായി രം​ഗത്തെത്തിയത്.

65 വയസ്സുള്ള ഗോൺസാൽവേസിന് ആഗസ്ത് 30-ന് പനി ബാധിച്ചു, അദ്ദേഹത്തിന്റെ അവസ്ഥ ക്രമാനുഗതമായി വഷളായിക്കൊണ്ടിരുന്നെങ്കിലും, ഒരാഴ്ചയോളം ജയിലിൽ വെറും പാരസെറ്റമോളും ആൻറിബയോട്ടിക്കുകളും നൽകി. വളരെയധികം അപേക്ഷിച്ചതിന് ശേഷം, സെപ്തംബർ 7 ന് അദ്ദേഹത്തെ ജെജെ ആശുപത്രിയിൽ കൊണ്ടുപോവുകയും ഓക്സിജൻ സപോർട്ട് നൽകുകയും ചെയ്തു. എന്നിരുന്നാലും, ചികിൽസ തുടരുന്നതിനുപകരം അദ്ദേഹത്തെ വീണ്ടും ജയിലിലടച്ചെന്ന് കുടുംബം പറഞ്ഞു.

അഭിഭാഷകയും വെർണോണിന്റെ ഭാര്യയുമായ സൂസൻ എബ്രഹാം കോടതിയെ സമീപിച്ച് ഉത്തരവ് നേടിയ ശേഷമാണ് ജയിൽ അധികൃതർ ജെജെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഭീമാ കൊറേഗാവ് പ്രതിയായ ഗൗതം നവ്‌ലാഖയുടെ ഹരജിയിൽ എൻഐഎ കോടതി കൊതുകുവല നിഷേധിച്ചത് കഷ്ടിച്ച് ഒരു മാസം മുമ്പാണ്.

ഭീമാ കൊറേഗാവ് കേസിൽ തന്നെ, പ്രമുഖ ആക്ടിവിസ്റ്റും പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമി, കൊവിഡിനെ തുടർന്ന് അടിയന്തര ചികിൽസ നിഷേധിക്കപ്പെട്ട് തടവുകാരനായിരിക്കെ അന്തരിച്ചിട്ട് കഷ്ടിച്ച് ഒരു വർഷമേ ആയിട്ടുള്ളൂ. അതുപോലെ, മാവോവാദി ബന്ധത്തിന്റെ പേരിൽ യുഎപിഎ ചുമത്തി ശിക്ഷിക്കപ്പെട്ട നാഗ്പൂർ ജയിലിൽ പാണ്ഡു നരോട്ടെ എന്ന 33 കാരനായ ആദിവാസിയുടെ മരണത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്ത നാം കേട്ടത് വളരെ അടുത്ത കാലത്താണ്. ജയിൽ അധികൃതരുടെ കടുത്ത അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് നരോട്ടെയുടെ അഭിഭാഷകനും ആരോപിച്ചിരുന്നു.

2020-ൽ ദലിത് സ്ത്രീയെ ക്രൂരമായി ബലാൽസം​ഗം ചെയ്തതിന് ശേഷം ഹാഥ്റസിലേക്കുള്ള യാത്രാമധ്യേ അറസ്റ്റ് ചെയ്യപ്പെട്ട ​ഗവേഷക വിദ്യാർഥിയായ അതിഖുർ റഹ്മാന്റെ അസ്വസ്ഥജനകമായ കാഴ്ചയ്ക്കും ഞങ്ങൾ സാക്ഷികളാണ്. ഏറെ പ്രചാരണത്തിനും കോടതിക്കും ശേഷമാണ് റഹ്മാനെ എയിംസിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ അനുവദിച്ചത്. എന്നിട്ടും ശരിയായ ശസ്ത്രക്രിയാനന്തര പരിചരണം അനുവദിച്ചില്ല. ഇന്ന് അദ്ദേഹത്തിന്റെ ഇടതുകൈ തളർന്നിരിക്കുകയാണ്, തുടർചികിൽസയ്ക്കായി ജാമ്യം ലഭിക്കാതെ കുടുംബവും അഭിഭാഷകരും പാടുപെടുകയാണ്.

ഈയവസരത്തിൽ വർഷങ്ങളായി വിചാരണ തടവുകാരായി ജയിലിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരെ ഉടൻ മോചിപ്പിക്കണമെന്നും കുടുംബാം​ഗങ്ങൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ജയിലിൽ തടവുകാരുടെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കാൻ ഭരണകൂടത്തിന് കഴിയുന്നില്ലെങ്കിൽ, ഈ രാഷ്ട്രീയ തടവുകാർക്ക് ജാമ്യം നൽകാൻ കോടതികൾ ഇടപെടുന്നത് നല്ലതാണെന്നും അങ്ങനെ അവരുടെ വിലപ്പെട്ട ജീവൻ രക്ഷിക്കപ്പെടുമെന്നും കുടുംബം പറഞ്ഞു.

Similar News