വടക്കഞ്ചേരി ബസപകടത്തിൽ ധനസഹായ പ്രഖ്യാപനവുമായി പ്രധാനമന്ത്രി
മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും. പരുക്കേറ്റവർക്ക് 50000 രൂപയുമാണ് സഹായം പ്രഖ്യാപിച്ചത്.
ന്യൂഡൽഹി: വടക്കഞ്ചേരി ബസപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ട്വിറ്ററിലായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചത്. സ്‌കൂൾ കുട്ടികളുടെ വിലപ്പെട്ട ജീവനുകളാണ് അപകടത്തിൽ പൊലിഞ്ഞത്. അപകടത്തിന്റെ ഇരകളുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഇരു നേതാക്കളും ട്വിറ്ററിൽ കുറിച്ചു.
അപകടത്തിൽപ്പെട്ടവർക്ക് പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും. പരുക്കേറ്റവർക്ക് 50000 രൂപയുമാണ് സഹായം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് അടിയന്തിര ധനസഹായം അനുവദിച്ചത്.
പാലക്കാട് വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ടവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കുമെന്ന് നേരത്തെ റവന്യൂമന്ത്രി കെ രാജൻ പ്രതികരിച്ചിരുന്നു. വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അപകടം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തും, ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വടക്കഞ്ചേരി ബസപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജി അജിത് കുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. അപകടത്തിന്റെ പശ്ചാത്തലത്തിൽ പോലിസിനോടും, മോട്ടോർ വാഹന വകുപ്പിനോടും റിപോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.