രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല.

Update: 2019-05-30 01:03 GMT

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് ഏഴിന് ദില്ലിയില്‍ രാഷ്ട്രപതി ഭവനില്‍ നടക്കും. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയായത്. രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, നിര്‍മല സീതാരാമന്‍, പ്രകാശ് ജാവദേകര്‍, രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിംഗ് തോമാര്‍, രഅജുന്‍ മേഖ്‌വാള്‍ എന്നിവരും മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആരോഗ്യകാരണങ്ങളാല്‍ മന്ത്രിസഭയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് മോദിക്ക് ഇന്നലെ കത്ത് നല്‍കി. മോദി ഇന്നലെ രാത്രി ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി.

സഖ്യകക്ഷികളില്‍ ജെഡിയുവിനും എല്‍ജെപിക്കും എഡിഎം കെയ്ക്കും മന്ത്രിമാര്‍ ഉണ്ടാവും. എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാന്‍ ഉള്‍പ്പെടെയുള്ള ചില സഖ്യകക്ഷി അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്‌തേക്കും. കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുണ്ടായിരുന്നത്. കുമ്മനം രാജശേഖരനോട് ഇന്ന് ദില്ലിയിലെത്താന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടതോടെ ഇദ്ദേഹം കേന്ദ്രമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. കുമ്മനവും കണ്ണന്താനവും കേരളത്തില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു.

സത്യപ്രതിജ്ഞ ചടങ്ങില്‍ 6500 ലേറെ പേര്‍ പങ്കെടുക്കും. ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളടങ്ങിയ ബിംസ്‌റ്റെക് (ബേ ഒഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് എക്കണോമിക്ക് കോ ഓപ്പറേഷന്‍) രാജ്യങ്ങളിലെ തലവന്‍മാരെ ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. മൗറീഷ്യസ്, കിര്‍ഗിസ്ഥാന്‍ രാജ്യങ്ങളിലെ ഭരണ തലവന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല. മമത ബാനര്‍ജി ബിജെപിക്കെതിരെ കൊല്‍ക്കത്തയില്‍ ഇന്ന് ധര്‍ണ തുടങ്ങും.




Tags:    

Similar News