കൊവിഡ് പ്രതിരോധ വാക്‌സിന്‍:സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിക്കുന്നതിനെതിരെ ഹരജി; ഹൈക്കോടതി വിശദീകരണം തേടി

പണം നല്‍കി സ്വകാര്യ ആശുപത്രിയില്‍ നിന്ന് വാക്‌സിനെടുക്കുേമ്പാള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിലടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിക്കുന്നത് മൗലീകാവകാശ ലംഘനമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു

Update: 2021-10-09 08:20 GMT

കൊച്ചി:കൊവിഡ് പ്രതിരോധ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹരജി. ഹരജിയില്‍ കോടതി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം തേടി.കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റര്‍ ആണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.പണം നല്‍കി സ്വകാര്യ ആശുപത്രിയില്‍ നിന്ന് വാക്‌സിനെടുക്കുേമ്പാള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിലടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിക്കുന്നത് മൗലീകാവകാശ ലംഘനമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റ് രാജ്യങ്ങളുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളല്ലാെത മറ്റൊന്നുമില്ല. പണം കൊടുത്ത് വാക്‌സിന്‍ എടുക്കുന്ന വ്യക്തിക്ക് ലഭിക്കുന്നത് സ്വകാര്യ രേഖയാണ്. ഇതില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിപ്പിച്ചത് കൊണ്ട് ഒരു പ്രയോജനവുമില്ല.പൗരനെന്ന നിലയില്‍ തന്റെ മൗലീകാവകാശ ഹനിക്കുന്ന നടപടി അനുവദിക്കാനാവില്ല. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുെട ചിത്രം ഇല്ലാതെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാവുന്ന വിധം കോവിന്‍ പോര്‍ട്ടലില്‍ മാറ്റം കൊണ്ടുവരാന്‍ ഉത്തരവിടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

പൊതു സ്ഥലങ്ങളിലെല്ലാം കൊവിഡ് പ്രതിരോധ പ്രചാരണ കാംപയിന്‍ പോസ്റ്ററുകളിലും മറ്റും പ്രധാന മന്ത്രിയുടെ ചിത്രം കൂടി പതിപ്പിച്ചിരിക്കുകയാണ്.കൊവിഡിനെതിരായ ദേശീയ പ്രചാരണം പ്രധാന മന്ത്രിക്ക് വേണ്ടിയുള്ള പ്രചാരണമായി മാറിയ അവസ്ഥയാണ് നിലവിലുള്ളതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News