കൂടുതല്‍ കുട്ടികളെ ജനിപ്പിക്കൂ, അല്ലാത്തപക്ഷം ഇന്ത്യ 'ഹിന്ദുക്കളില്ലാത്ത' രാജ്യമാകും: നരസിംഹാനന്ദ്
2029ല്‍ ഒരു അഹിന്ദു പ്രധാനമന്ത്രിയാകുമെന്ന് ഗണിതശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രവചിക്കുന്നുവെന്നും ഗാസിയാബാദിലെ ദസ്‌ന ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ ഗോവര്‍ദ്ധനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മഥുര: വരും ദശകങ്ങളില്‍ രാജ്യത്ത് ഹിന്ദുക്കള്‍ കുറയുന്നത് തടയാന്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണമെന്ന് ഹിന്ദുക്കളോട് ആവശ്യപ്പെട്ട് ഹരിദ്വാര്‍ വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന വിവാദ സന്യാസി യതി നരസിംഹാനന്ദ്.
2029ല്‍ ഒരു അഹിന്ദു പ്രധാനമന്ത്രിയാകുമെന്ന് ഗണിതശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രവചിക്കുന്നുവെന്നും ഗാസിയാബാദിലെ ദസ്‌ന ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ ഗോവര്‍ദ്ധനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ താന്‍ എങ്ങനെയാണ് ഈ നിഗമനത്തിലെത്തിയത് എന്നത് ഇയാള്‍ വിശദീകരിക്കാന്‍ തയ്യാറായില്ല. ഒരിക്കല്‍ അഹിന്ദു പ്രധാനമന്ത്രിയായാല്‍ 20 വര്‍ഷത്തിനുള്ളില്‍ ഈ രാജ്യം 'ഹിന്ദുവിഹീന്‍' (ഹിന്ദുക്കള്‍ ഇല്ലാത്ത) രാഷ്ട്രമായി മാറുമെന്നും ഇയാള്‍ അവകാശപ്പെട്ടു.
ഹിന്ദുത്വത്തെ ഉണര്‍ത്തുന്നതിനായി ആഗസ്ത് 12 മുതല്‍ 14 വരെ മഥുരഗോവര്‍ദ്ധന്‍ മേഖലയില്‍ ധര്‍മ്മ സന്‍സദ് സംഘടിപ്പിക്കുമെന്നും നരസിംഹാനന്ദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17 മുതല്‍ 19 വരെ ഹരിദ്വാറില്‍ നടന്ന ധര്‍മ്മ സന്‍സദില്‍ മുസ്‌ലിംകള്‍ക്കെതിരേ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയിലെ ബുരാരി ഗ്രൗണ്ടില്‍ നടന്ന 'ഹിന്ദു മഹാപഞ്ചായത്തില്‍' പങ്കെടുത്ത അദ്ദേഹം, മുസ്ലീം ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ 20 വര്‍ഷത്തിനുള്ളില്‍ 50 ശതമാനം ഹിന്ദുക്കളും മതം മാറുമെന്നും അവരുടെ നിലനില്‍പ്പിനായി ഹിന്ദുക്കളോട് ആയുധമെടുത്ത് പോരാടാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.