കോഴിക്കോട്: സിനിമാ നിര്‍മാതാവും മാതൃഭൂമി ഡയറക്ടറും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി വി ഗംഗാധരന്‍(80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണം. ഇന്ന് വൈകീട്ട് മൂന്നുമുതല്‍ കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ പൊതുദര്‍ശനത്തിനു ശേഷം വൈകീട്ട് ആറോടെ ആഴ്ചവട്ടത്തെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എന്ന പ്രൊഡക്ഷന്‍ കമ്പനിയിലൂടെ ഒരു വടക്കന്‍ വീരഗാഥ ഉള്‍പ്പെടെ നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. 2000ലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1997ല്‍ 'കാണാക്കിനാവ്' എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 'ഒരു വടക്കന്‍ വീരഗാഥ'(1989) 'വീണ്ടും ചില വീട്ടുകാര്യങ്ങള്‍'(1999), 'അച്ചുവിന്റെ അമ്മ'(2005) 'നോട്ട്ബുക്ക്'(2006) എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ലഭിച്ചു. പിവി സാമി പടുത്തുയര്‍ത്തിയ കെടിസി ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ പിവി ചന്ദ്രനോടൊപ്പം വലിയ പങ്കുവഹിച്ചിട്ടുണ്ട്. കെഎസ്‌യുവിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലെത്തിയ പി വി ഗംഗാധരന്‍ എഐസിസി അംഗം വരെയായി. 2011ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. മലബാര്‍ എയര്‍പോര്‍ട്ട് കര്‍മസമിതി ചെയര്‍മാന്‍, ട്രെയിന്‍ കര്‍മസമിതി ചെയര്‍മാന്‍, പാരീസ് കേന്ദ്രീകരിച്ചുള്ള ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷനല്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, കേരളാ സ്‌റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍, കേരളാ ഫിലിം ചേംബര്‍ പ്രസിഡന്റ്, ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് തുടങ്ങിയ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. പിവിഎസ് ആശുപത്രി ഡയറക്ടര്‍, ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗം ഡയറക്ടര്‍, ശ്രീനാരായണ എജ്യുക്കേഷന്‍ സൊസൈറ്റി ഡയറക്ടര്‍, പിവിഎസ് നഴ്‌സിങ് സ്‌കൂള്‍ ഡയറക്ടര്‍, മാതൃഭൂമി സ്റ്റഡിസര്‍ക്കിള്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പന്തീരാങ്കാവ് എജ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ്, പിവിഎസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് ഡയറക്ടര്‍, പിവിഎസ് ഹൈസ്‌കൂള്‍ ഡയറക്ടര്‍, കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.