മദ്‌റസകള്‍ നിര്‍ത്തലാക്കാനുള്ള നിര്‍ദേശം വംശഹത്യാ പദ്ധതി : റസാഖ് പാലേരി

Update: 2024-10-13 17:11 GMT

തിരുവനന്തപുരം : മദ്‌റസകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കാനും മദ്‌റസകള്‍ അടച്ചു പൂട്ടാനുമുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം സംഘ്പരിവാറിന്റെ മുസ് ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. മദ്‌റസകള്‍ വിദ്യാഭ്യാസ അവകാശ നിയമത്തിനു എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്നും മദ്‌റസകളിലെ വിദ്യാഭ്യാസരീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നുമുള്ള കമ്മീഷന്റെ നിരീക്ഷണം വസ്തുനിഷ്ഠമോ യുക്തിസഹമോ അല്ല.

മുസ്ലിം സമൂഹത്തിന്റെ ആരാധനാലയങ്ങളും വസ്ത്ര - ഭക്ഷണ സംസ്‌കാരവും വഖ്ഫ് സ്വത്തുക്കള്‍ ഉള്‍പ്പെടെയുള്ള ആസ്തികളും മതപരമായ അസ്തിത്വവും ഉന്നം വെച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വംശഹത്യയുടെ ഭാഗമാണ് മദ്‌റസകളെ ഉന്നം വെച്ചു കൊണ്ടുള്ള പുതിയ നീക്കങ്ങളും. സംഘ്പരിവാറിന്റെ കാര്‍മികത്വത്തിലുള്ള ഇത്തരം എല്ലാ നീക്കങ്ങളും അസത്യപ്രചാരണങ്ങളുടെ അടിത്തറയിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. കേരളം പോലെയുള്ള നിരവധി സംസ്ഥാനങ്ങളില്‍ മദ്‌റസകള്‍ക്ക് പ്രത്യേകമായ എന്തെങ്കിലും ധനസഹായം ലഭിക്കുന്നില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ മറിച്ചുള്ള പ്രചാരണങ്ങളാണ് കേരളത്തില്‍ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മതപരമായ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണ് ബാലാവകാശ കമ്മീഷന്‍ നടത്തിയിരിക്കുന്നത്. ഹിറ്റ്ലറിന്റെ നാസി ജര്‍മനിയെ ഓര്‍മ്മിപ്പിക്കും വിധമുള്ള ഇത്തരം വംശീയ നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. ബാലാവകാശ കമ്മീഷന്‍ കത്ത് പിന്‍വലിക്കുകയും നിലപാട് തിരുത്തുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.






Tags:    

Similar News