ശക്തമായ പ്രതിഷേധം; ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചു

സ്വകാര്യ വ്യക്തികളെ മുന്‍കൂട്ടി അറിയിക്കാതെ ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ഇതിനെ തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കൊടികളും നീക്കം ചെയ്തു.

Update: 2021-06-17 05:21 GMT

കവരത്തി: ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ഭരണകൂടം നിര്‍ത്തിവെച്ചു. വിവാദ ഭൂമി ഏറ്റെടുക്കലിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെച്ചത്. സ്വകാര്യ വ്യക്തികളെ മുന്‍കൂട്ടി അറിയിക്കാതെ ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ഇതിനെ തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കൊടികളും നീക്കം ചെയ്തു.

2021ല്‍ ഇറക്കിയ എല്‍ഡിഎആര്‍ സംബന്ധിച്ച കരട് രൂപരേഖയുടെ പശ്ചാത്തലത്തിലായിരുന്നു ഭൂമി ഏറ്റെടുക്കല്‍ നടപടി.ലക്ഷദ്വീപിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കരട് രൂപരേഖ തയ്യാറാക്കിയത്. ഇതിനെതിരെ ലക്ഷദ്വീപില്‍ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്.

ദ്വീപില്‍ നടപ്പാക്കുന്ന വിവാദ ഉത്തരവുകള്‍ നടപ്പാക്കാന്‍ ഭരണകൂടം ഉദ്യോഗസ്ഥര്‍ക്കു മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നതായി ആരോപണമുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ദ്വീപ് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ ആരംഭിച്ചത്.

അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപിലെത്തുന്ന ദിവസം കരിദിനമായാണ് ദ്വീപ് ജനത ആചരിച്ചത്.വീടുകളില്‍ കരിങ്കൊടി സ്ഥാപിച്ചും കറുത്ത വസ്ത്രങ്ങളും കറുത്ത മാസ്‌കുകളും ധരിച്ചാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. അതേസമയം, കറുത്ത കൊടികള്‍ സ്ഥാപിച്ച വീടുകളുടെ ദൃശ്യങ്ങളും പോലിസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം, ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേഷന്റെ വിവാദ നടപടികള്‍ തുടരുകയാണ്. ബംഗാരം ദ്വീപിലെ ടൂറിസം നടത്തിപ്പിന്റെ അവകാശം പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള നീക്കം തുടരുകയാണ്. നേരത്തെ ബംഗാരം ദ്വീപിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ അഡ്മിനിസ്‌ട്രേഷന്‍ നേരിട്ടാണ് നടത്തിയിരുന്നത്. ഇതാണ് കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാന്‍ നീക്കം നടക്കുന്നത്.

Tags:    

Similar News