'ഞങ്ങള്‍ മാപ്പ് തരില്ല' റോഡ് ഉപരോധിച്ച് ബന്ദികളുടെ ബന്ധുക്കള്‍; തെല്‍ അവീവ് തെരുവുകളില്‍ പ്രതിഷേധം കനക്കുന്നു

ഉപരോധത്തെ തുടര്‍ന്ന് ഹൈവേയില്‍ പ്രതിഷേധക്കാര്‍ തീ കൊളുത്തിയെന്ന് ഇസ്രായേല്‍ ടെലിവിഷനായ ചാനല്‍ 12 റിപോര്‍ട്ട് ചെയ്തു.

Update: 2024-10-14 02:51 GMT

തെല്‍ അവീവ്: ഗസയില്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനം ആവശ്യപ്പെട്ട് ബന്ധുക്കള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. തെല്‍ അവീവിലെ പ്രധാന പാതയായ അയലോണ്‍ ഹൈവേയുടെ ഒരു ഭാഗത്ത് മാര്‍ഗതടസ്സം സൃഷ്ടിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. ബന്ദികളെ തിരികെയെത്തിക്കുന്നതിന് ഹമാസുമായി എത്രയും വേഗം കൈമാറ്റ ഉടമ്പടി വേണമെന്നാവശ്യപ്പെട്ടാണ് ശനിയാഴ്ച പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.

ഉപരോധത്തെ തുടര്‍ന്ന് ഹൈവേയില്‍ പ്രതിഷേധക്കാര്‍ തീ കൊളുത്തിയെന്ന് ഇസ്രായേല്‍ ടെലിവിഷനായ ചാനല്‍ 12 റിപോര്‍ട്ട് ചെയ്തു. ടയറുകള്‍ കുന്നുകൂട്ടി തീ കൊളുത്തുകയായിരുന്നു. 'ക്ഷമിക്കണം, ഞങ്ങള്‍ ബന്ദികളാക്കപ്പെട്ടിരിക്കുന്നു' എന്നര്‍ഥം വരുന്ന വാക്കുകളുടെ രൂപത്തിലാണ് തീ കൊളുത്തിയതെന്ന് മറ്റൊരു ഇസ്രായേലി മാധ്യമമായ ടൈംസ് ഓഫ് ഇസ്രായേലും റിപോര്‍ട്ട് ചെയ്തു.

ഗസയില്‍ തടവിലാക്കപ്പെട്ട 101 ഇസ്രായേലി ബന്ദികളുടെ പേരെഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. ഹമാസ് തടവിലാക്കിയവരെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തന്റെ രാഷ്ട്രീയ ഭാവി മാത്രമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പരിഗണിക്കുന്നതെന്നും തടവിലാക്കപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെ അദ്ദേഹം കൈയൊഴിയുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

യോം കിപൂര്‍ അവധിദിനം കൂടിയായ ശനിയാഴ്ച രാത്രി തന്നെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തെരുവുകള്‍ കൈയടക്കിക്കഴിഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്കു മുന്നില്‍ കൂട്ടം കൂടി നിന്ന് നെതന്യാഹുവിനെ ലക്ഷ്യമാക്കി 'നിങ്ങള്‍ക്കു മാപ്പില്ല' എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ഇസ്രായേല്‍ പതാകകള്‍ക്കൊപ്പം 'ഞങ്ങള്‍ മാപ്പ് തരില്ല','അവഗണിച്ചവന്റെ അവസാനമായി' തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ മഞ്ഞപ്പതാകകളും പ്രതിഷേധക്കാര്‍ കൈയിലേന്തിയിരുന്നു.

ഗസയില്‍ ഇസ്രായേല്‍ ആക്രമണം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുകയും ലെബനാനില്‍ സമീപ ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കുകയും ചെയ്യുന്നതിനിടയിലാണ് ഇസ്രായേലികള്‍ തന്നെ നെതന്യാഹു സര്‍ക്കാരിനെതിരേ പ്രതിഷേധം കടുപ്പിച്ചിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ബന്ദികളുടെ ബന്ധുക്കളുള്‍പ്പെടെ ഇസ്രായേലികള്‍ പ്രതിഷേധ പ്രക്ഷോഭങ്ങളുമായി ഇസ്രായേല്‍ നഗരങ്ങളിലെ തെരുവുകള്‍ പ്രക്ഷുബ്ധമാക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പല പ്രതിഷേധങ്ങളും ഇസ്രായേല്‍ പോലിസുമായുള്ള സംഘര്‍ഷത്തിലാണ് കലാശിക്കാറുള്ളത്.

ബന്ദികളുടെ സുരക്ഷിതമായ തിരിച്ചുവരവിന് വെടിനിര്‍ത്തല്‍ വേണമെന്നും ഹമാസുമായി തടവുകാരുടെ കൈമാറ്റ ഉടമ്പടി ഉടന്‍ വേണമെന്നും തങ്ങളുടെ പേരില്‍ ഗസയിലെ കുഞ്ഞുങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും യുദ്ധവിരാമം ഉടന്‍ വേണമെന്നും മറ്റുമുള്ള ആവശ്യങ്ങളുന്നയിച്ച് വിവിധ ഘട്ടങ്ങളില്‍ നിരവധി പ്രതിഷേധങ്ങളാണ് ഇസ്രായേലില്‍ അരങ്ങേറിയത്. കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ ബന്ധുക്കളും പലപ്പോഴും പ്രതിഷേധങ്ങളില്‍ അണിചേര്‍ന്നിരുന്നു. തന്റെ രാഷ്ട്രീയ ഭാവി മാത്രം മുന്നില്‍ കാണുന്ന നെതന്യാഹുവാണ് എല്ലാ ചര്‍ച്ചകള്‍ക്കും തടസ്സം നില്‍ക്കുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

Tags:    

Similar News