പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍ നിന്ന് ഒന്നര കോടിയിലേറെ രൂപ ഈടാക്കാന്‍ ഉത്തരവ്
മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ കെ പി താഹിര്‍ പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്താണ് സാമ്പത്തിക ക്രമക്കേട് നടന്നത്. 2023 ജൂണ്‍ ആറിന് ചേര്‍ന്ന സംസ്ഥാന വഖ്ഫ് ബോര്‍ഡ് യോഗം റിപോര്‍ട്ട് പരിഗണിക്കുകയും ഇക്കാലയളവില്‍ ഓഡിറ്റ് വരവില്‍ നഷ്ടമായി കാണിച്ച 9247 രൂപയും ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ 1,57,79,500 രൂപയും നഷ്ടത്തിന് ഉത്തരവാദിയായ പുറത്തീല്‍ എം വി കെ ഹൗസില്‍ കെ പി താഹിറില്‍ നിന്ന് റിക്കവറി നടത്തണമെന്നും ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും ഉത്തരവിട്ടത്.
കണ്ണൂര്‍: വാരം പുറത്തീല്‍ പള്ളി നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പള്ളി കമ്മിറ്റി മുന്‍ ഭാരവാഹിയും മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായ കെ പി താഹിറിന് തിരിച്ചടി. പുറത്തീല്‍ മിര്‍ഖാത്തുല്‍ ഇസ് ലാം ജമാ അത്ത് പള്ളി കമ്മിറ്റിക്ക് നഷ്ടപ്പെട്ട ഒന്നര കോടിയിലേറെ രൂപ കെ പി താഹിറില്‍ നിന്ന് ഈടാക്കാന്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡ് ഉത്തരവിട്ടു. തുക ഈടാക്കാന്‍ ആവശ്യമായ റിക്കവറി നടപടികള്‍ സ്വീകരിക്കാന്‍ കണ്ണൂര്‍ ഡിവിഷനല്‍ ഓഫിസറെ ചുമതലപ്പെടുത്തി. ഇതിനു പുറമെ ക്രിമിനല്‍ കേസ് നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ഉത്തരവിട്ടു. 2010-15 കാലയളവില്‍ പള്ളിയില്‍ ഒരു കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്നതായി നേരത്തേ ഓഡിറ്റ് റിപോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, ഇതിനുശേഷം വന്ന പുതിയ കമ്മിറ്റി ഭാരവാഹിയായ അബ്ദുല്‍ ഖാദര്‍ ഹാജി തലശ്ശേരി സിജെഎം കോടതിയെ സമീപിച്ചതോടെയാണ് അഴിമതി സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് വഖ്ഫ് ബോര്‍ഡ് തയ്യാറായത്.
മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ കെ പി താഹിര്‍ പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്താണ് സാമ്പത്തിക ക്രമക്കേട് നടന്നത്. അക്കാലത്ത് കമ്മിറ്റി പ്രസിഡന്റായിരുന്ന മുഹമ്മദ്കുട്ടി ഹാജി രണ്ടാം പ്രതിയും ഖജാഞ്ചി പി കെ സി ഇബ്രാഹീം മൂന്നാം പ്രതിയുമാണ്. 2015ലെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പള്ളിക്കമ്മിറ്റിയില്‍ വന്‍ ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നത്. തുടര്‍ന്ന് കമ്മിറ്റി അവതരിപ്പിച്ച കണക്കുകള്‍ വ്യാജമാണെന്നും വീണ്ടും ഓഡിറ്റ് ചെയ്യണമെന്നും ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. വഖ്ഫ് ബോര്‍ഡ് നടത്തിയ പ്രാഥമിക പരിശോധനയില്‍ 84 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. പിന്നീട്, കണ്ണൂരിലെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നടത്തിയ പരിശോധനയിലും ക്രമക്കേട് സ്ഥിരീകരിച്ചു. തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നിര്‍ദേശപ്രകാരം കേസന്വേഷണം ചക്കരക്കല്‍ പോലിസ് ഏറ്റെടുക്കുകയും കെ പി താഹറിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലാ മുസ് ലിം ലീഗില്‍ ഏറെ വിവാദമുയര്‍ത്തിയ സംഭവമായിരുന്നു ഇത്. അന്നത്തെ യൂത്ത് ലീഗ് നേതാവായിരുന്ന മൂസാന്‍കുട്ടി നടുവില്‍ കെ പി താഹിറിനെതിരേ പരസ്യപ്രതികരണം നടത്തിയതിനു പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താവുകയും പിന്നീട് സിപിഎമ്മില്‍ ചേരുകയും ചെയ്തിരുന്നു. കേസിന്റെ തെളിവിലേക്കായി സംസ്ഥാന പോലിസ് മേധാവി ആവശ്യപ്പെട്ടത് പ്രകാരം സര്‍ക്കാര്‍ ഓഡിറ്റ് വകുപ്പിനെ വിശദ ഓഡിറ്റിന് നിയോഗിക്കുകയായിരുന്നു. ഇതിലാണ് ഒരു കോടി ഏഴുലക്ഷത്തില്‍പരം രൂപയുടെ ചെലവു കണക്കുകള്‍ കാണാനില്ലെന്ന് കണ്ടെത്തിയത്. പുതുതായി നിലവില്‍ വന്ന കമ്മിറ്റയാണ് പ്രശ്‌നം വഖ്ഫ് ബോര്‍ഡ് മുമ്പാകെ എത്തിച്ചത്. 2023 ജൂണ്‍ ആറിന് ചേര്‍ന്ന സംസ്ഥാന വഖ്ഫ് ബോര്‍ഡ് യോഗം റിപോര്‍ട്ട് പരിഗണിക്കുകയും ഇക്കാലയളവില്‍ ഓഡിറ്റ് വരവില്‍ നഷ്ടമായി കാണിച്ച 9247 രൂപയും ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ 1,57,79,500 രൂപയും നഷ്ടത്തിന് ഉത്തരവാദിയായ പുറത്തീല്‍ എം വി കെ ഹൗസില്‍ കെ പി താഹിറില്‍ നിന്ന് റിക്കവറി നടത്തണമെന്നും ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും ഉത്തരവിട്ടത്.
വഖ്ഫ് ബോര്‍ഡ് ഉത്തരവിന്റെ പൂര്‍ണരൂപം: