പുരോല 'ലൗ ജിഹാദ്' കെട്ടുകഥയെന്ന് ഉത്തരകാശി കോടതി; കുറ്റാരോപിതരെ വെറുതെവിട്ടു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പുരോലയില്‍ ഹിന്ദുത്വര്‍ മുസ് ലിം കുടുംബങ്ങളെ കൂട്ടത്തോടെ ആട്ടിയോടിക്കാന്‍ ഉപയോഗിച്ച 'ലൗ ജിഹാദ്' കെട്ടുകഥയാണെന്ന് ഉത്തരകാശി ജില്ലാ സെഷന്‍സ് കോടതി. കേസിലെ കുറ്റാരോപിതരായ രണ്ട് യുവാക്കളെയും കോടതി വിട്ടയച്ചു. ഉവൈദ് ഖാന്‍(22), സുഹൃത്ത് ജിതേന്ദ്ര സൈനി(24) എന്നിവരെയാണ് വിട്ടയച്ചത്. മുസ്‌ലിം യുവാവും സുഹൃത്തും ചേര്‍ന്ന് ഹിന്ദു കുടുംബത്തിലെ 14 കാരിയെ 'ലൗജിഹാദി'ലൂടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ഇസ് ലാമിലേക്ക് മതംമാറ്റാന്‍ ശ്രമിച്ചെന്നുമായിരുന്നു പ്രചാരണം. ഇതിന്റെ മറവില്‍ 41 മുസ്‌ലിം കുടുംബങ്ങളെ ഹിന്ദുത്വര്‍ ആട്ടിയോടിക്കുകയും നിരവധി മുസ്‌ലിംകളുടെ കടകള്‍ പൂട്ടിക്കുകയും ചെയ്തിരുന്നു. 35 കുടുംബങ്ങള്‍ മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയെങ്കിലും ഭീതികാരണം ആറ് കുടുംബങ്ങള്‍ തിരിച്ചുവന്നിരുന്നില്ല. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉള്‍പ്പെടെ നടത്തിയ വിദ്വേഷപ്രചാരണമാണ് ഹിന്ദുത്വ ആക്രമണങ്ങള്‍ക്ക് സഹായകമായത്. ഉവൈദ് ഖാനും സെയ്‌നിയും തന്നെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചെന്ന് പറയാന്‍ പോലിസ് തന്നെ പഠിപ്പിച്ചിരുന്നതായി 14കാരി വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചു. കേസിലെ ഏക ദൃക്‌സാക്ഷിയായ ആര്‍എസ്എസ് നേതാവ് ആഷിഷ് ചുനാറിന്റെ മൊഴിയും വൈരുധ്യം നിറഞ്ഞതായിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയ കോടതി, പോലിസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ഇരുവരെയും വെറുതെവിട്ടത്.
പുരോലയിലെ വര്‍ക് ഷോപ്പില്‍ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന ജിതേന്ദ്ര സൈനിയും സമീപത്ത് ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തുകയാണ് ഉബൈദ് ഖാനും കുടുംബവും തമ്മില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. പടിഞ്ഞാറന്‍ യുപിയിലെ ബിജ്‌നോറില്‍നിന്ന് പുരോലയില്‍ കുടിയേറിയവരാണ് ഇരുവരും. 99 ശതമാനം ഹിന്ദുക്കളുള്ള പുരോലയില്‍ ഉവൈദിന്റെ കടകള്‍ക്ക് മുകളില്‍ രണ്ട് നിലകളിലായി സ്ഥിതി ചെയ്യുന്ന ജിംനേഷ്യത്തില്‍
ഇരുവരും ഒരുമിച്ചാണ് പോയിരുന്നത്. എന്നാല്‍ 2023 മെയ് 31നാണ് ഇവരുടെ ജീവിതത്തെയാകെ മാറ്റിമറിച്ച സംഭവമുണ്ടായത്. പുരോലയില്‍ 'ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരാള്‍ ഉള്‍പ്പെടെ' രണ്ട് യുവാക്കളുടെ നേതൃത്വത്തില്‍ നടന്ന 'ലൗ ജിഹാദ്' നടത്തിയെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയില്‍ വാര്‍ത്ത വന്നത്. മെയ് 26 ന് ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും പിടിക്കപ്പെട്ടെന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം.
ഉവൈദ് ഖാനെയും ജിതേന്ദ്ര സൈനിയെയും പ്രതിചേര്‍ത്തായിരുന്നു വാര്‍ത്ത. ഇതിനു പിന്നാലെ വിഎച്ച്പി, ദേവഭൂമി രക്ഷാ അഭിയാന്‍ തുടങ്ങിയ ഹിന്ദുത്വ സംഘടനകള്‍ പുരോലയിലും പരിസരപ്രദേശമായ ബാര്‍കോട്ടിലും മുസ്‌ലിംകള്‍ക്കെതിരെ പ്രതിഷേധവുമായെത്തി. മുസ്‌ലിംകളെ ബഹിഷ്‌കരിക്കാനും കടകള്‍ ഒഴിഞ്ഞുപോവണമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു പ്രകടനം. പ്രതിഷേധത്തിനു പിന്നാലെ ഉവൈദ് ഖാനെയും ജിതേന്ദ്ര സൈനിയെയും തെഹ്‌രി ജില്ലാ ജയിലിലടച്ചു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഉത്തരകാശി ജില്ലാ ആന്റ് സെഷന്‍സ് കോടതി ജഡ്ജി ഗുരുബക്ഷ് സിങ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചു. തട്ടിക്കൊണ്ടുപോവല്‍, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരായ ലൈംഗികാതിക്രമം എന്നീ ആരോപണങ്ങള്‍ തെറ്റാണെന്ന് കോടതി കണ്ടെത്തി. ടൗണില്‍ കംപ്യൂട്ടര്‍ ഷോപ്പ് നടത്തുന്ന ആര്‍എസ്എസുകാരനായ ആഷിഷ് ചുനാറാ(27)ണ് കേസിലെ ഏക ദൃക്‌സാക്ഷി. തട്ടിക്കൊണ്ടുപോവാനുള്ള ശ്രമം ആഷിഷ് ചുനാര്‍ അമ്മാവനെ അറിയിക്കുകയും അയാള്‍ ഇടപെട്ടതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടെന്നും തുടര്‍ന്ന് പെണ്‍കുട്ടിയെ തന്റെ കടയിലേക്ക് കൊണ്ടുവന്നെന്നുമായിരുന്നു മൊഴി നല്‍കിയിരുന്നത്. വിചാരയ്ണക്കിടെ അമ്മാവനെ പ്രതിഭാഗം അഭിഭാഷകര്‍ ക്രോസ് വിസ്താരം ചെയ്തപ്പോള്‍, തന്റെ മരുമകള്‍ സംഭവത്തെക്കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും ആശിഷ് ചുനാറിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ പരാതി എഴുതിയതെന്നും അദ്ദേഹം കോടതിയെ അറിയിച്ചതും കേസില്‍ നിര്‍ണായകമായി. വിസ്താരത്തിനിടെ പെണ്‍കുട്ടിയുടെ അമ്മായിയും തന്റെ മരുമകള്‍ സംഭവത്തെക്കുറിച്ച് തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രതിയുടെ പേര് പറഞ്ഞിട്ടില്ലെന്നും കോടതിയെ അറിയിച്ചു. വിചാരണ വേളയില്‍ ഉവൈദ് ഖാനെയും ജിതേന്ദ്ര സൈനിയെയും ചുനാറിന് മുന്നില്‍ ഹാജരാക്കിയെങ്കിലും തിരിച്ചറിഞ്ഞില്ല. 2017ല്‍ ആര്‍എസ്എസ് ഉത്തരകാശി മീഡിയ ഇന്‍ചാര്‍ജായിരുന്ന ചുനാറിന്റെ മൊഴി കള്ളമാണെന്ന് കോടതി നിരീക്ഷിച്ചു. യുവാക്കളെ പ്രതികളാക്കി മൊഴിയെടുക്കാന്‍ പോലിസ് തന്നെ പഠിപ്പിച്ചിരുന്നതായി പെണ്‍കുട്ടിയും കോടതിയെ അറിയിച്ചു. ഇതോടെ, ഖാനും സെയ്‌നിയും ലൈംഗിക ഉദ്ദേശത്തോടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ സ്പര്‍ശിച്ചെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ഗുരുബക്ഷ് സിങ് ഇരുവരെയും വെറുതെവിട്ടത്.