പുതുപ്പള്ളിയുടെ പുതുനായകനാര്; ആദ്യഫല സൂചന ഒമ്പതോടെ

Update: 2023-09-08 01:19 GMT

കോട്ടയം: അവകാശവാദങ്ങള്‍ക്കും ആരോപണ-പ്രത്യാരോപണങ്ങള്‍ക്കുമെല്ലാം വിട. പുതുപ്പള്ളിയുടെ പുതിയ നായകനെ അറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് കോട്ടയം ബസേലിയസ് കോളജില്‍ തുടങ്ങും. വിജയം ഉറപ്പെന്ന പ്രതീക്ഷയോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തുന്നത്. എന്നാല്‍, മൂന്നാംശ്രമത്തില്‍ അട്ടിമറി ജയം നേടാനാവുമെന്നാണ് ഇടതുസ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ പ്രതീക്ഷ. എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ലാലിന് വോട്ട് കുറഞ്ഞാല്‍ അതായിരിക്കും ജയപരാജയത്തിലെ പ്രധാന ചര്‍ച്ച. പ്രത്യേകിച്ച്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ ഇതുസംബന്ധിച്ച ചര്‍ച്ച തുടങ്ങിവച്ച പശ്ചാത്തലത്തില്‍.

    വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ രാവിലെ ഒമ്പതോടെ ലഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. തുടര്‍ച്ചയായി 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുതുപ്പള്ളി ഫലം ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്. പിണറായി സര്‍ക്കാരിനെതിരായ ജനവിധിയായി ഫലം മാറുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, എല്‍ഡിഎഫ് അട്ടിമറി ജയം നേടുകയാണെങ്കില്‍ അത് കേരളരാഷ്ട്രീയത്തില്‍ തന്നെ യുഡിഎഫിന് കനത്ത ക്ഷീണമുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ ഇത്തവണ ചാണ്ടി ഉമ്മന് ലഭിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്.

Tags:    

Similar News