ഉപരോധം ജിസിസിയില്‍ വിള്ളലുണ്ടാക്കിയെന്ന് ഖത്തര്‍
ജിസിസിയുടെ ആറ് രാഷ്ട്രതലവന്മാര്‍ ഇത് വീണ്ടും ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദോഹ: ഖത്തറിനെതിരായ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഗള്‍ഫ് സഹകരണ കൗണ്‍സിലിലില്‍ (ജിസിസി) വിള്ളലുണ്ടാക്കിയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. എന്നാല്‍ ജിസിസിയുടെ ആറ് രാഷ്ട്രതലവന്മാര്‍ ഇത് വീണ്ടും ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദോഹയില്‍ നടന്ന ആഗോള സുരക്ഷ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017ലാണ് സൗദി അറേബ്യയും അതിന്റെ മൂന്ന് അറബ് സഖ്യകക്ഷികളും ഖത്തറിനെതിരേ കര, വ്യോമ, കടല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നുവെന്നും ഇറാനുമായി വളരെ അടുപ്പമുണ്ടെന്നും ആരോപിച്ചായിരുന്നു ഉപരോധം. എന്നാല്‍, ആരോപണം ദോഹ നിഷേധിച്ചിരുന്നു.
'പ്രതിരോധ നയതന്ത്രത്തിനുള്ള മാര്‍ഗ്ഗങ്ങള്‍' കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യങ്ങള്‍ വീണ്ടും ഇത്തരം പ്രതിസന്ധിയില്‍ അകപ്പെടുന്നത് തടയാനുള്ള ഒരു വഴി കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനെ 'നമ്മുടെ പ്രദേശത്തിന്റെ ഭാഗമായി' കണക്കാക്കണം. ഇറാനുമായി മറ്റു ജി.സി.സി രാജ്യങ്ങള്‍ ഇടപഴകണം. ജി.സി.സിയും ഇറാനും തമ്മിലുള്ള പ്രാദേശിക സുരക്ഷാ ധാരണ ഉണ്ടാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ജിസിസി രാജ്യങ്ങള്‍ എന്ന നിലയില്‍ നമുക്കെല്ലാവര്‍ക്കും ഇറാനുമായുള്ള ഇടപഴകല്‍ പ്രധാനമാണ്, ഇറാന്‍ നമ്മുടെ അയല്‍ക്കാരനാണ്, നമ്മുടെ പ്രദേശത്തെ പ്രധാന ഘടകമാണ്, നമുക്ക് ഈ ഭൂമിശാസ്ത്രം മാറ്റാന്‍ കഴിയില്ല. ഞങ്ങളുടെ വിയോജിപ്പുകള്‍ ഒരു മേശയ്ക്ക് ചുറ്റും പരിഹരിക്കാന്‍ കഴിയും, ഏറ്റുമുട്ടലിലൂടെ അവ പരിഹരിക്കാനാവില്ലഅല്‍താനി കൂട്ടിച്ചേര്‍ത്തു.
ലോകശക്തികളുമായുള്ള ഇറാന്റെ ആണവ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ ഖത്തര്‍ സാധ്യമായ പങ്ക് നിര്‍വഹിക്കും. നമ്മുടെ മേഖലയില്‍ ഒരു ആണവ മല്‍സരത്തിന്റെ അപകടസാധ്യതയില്ലെന്ന് കാണണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, താലിബാന്‍ ഏറ്റെടുത്തതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍ ഉപേക്ഷിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെടല്‍ ഒരിക്കലും ഒരു ഉത്തരമാകില്ലെന്ന് തങ്ങള്‍ തുടക്കം മുതല്‍ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.