ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

Update: 2021-04-26 15:48 GMT

ദോഹ: വിവിധ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കു പിന്നാലെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലും കടുത്ത പ്രവേശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഖത്തറിലേക്ക് വരുന്ന ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പുതിയ നിബന്ധനകള്‍ പാലിക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആരോഗ്യമന്ത്രി ഡോ. ഹനന്‍ അല്‍ കുവാരി ഉത്തരവിട്ടു.

    ഇതു പ്രകാരം യാത്ര ചെയ്യുന്നതിന്റെ 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. നേരത്തേ ഇത് 72 മണിക്കൂര്‍ ആയിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളില്‍ കൊവിഡ് അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് വെട്ടിക്കുറച്ചത്. ഇതിനു പുറമെ വാക്സിനെടുത്തവര്‍ക്ക് ഉള്‍പ്പെടെ ഖത്തറിലെത്തിയാല്‍ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. വാക്സിന് എടുത്തവര്‍ക്ക് ലഭിക്കുന്ന ക്വാറന്റൈന്‍ ഇളവുകള്‍ മേല്‍പ്പറഞ്ഞ രാജ്യത്തുനിന്നുള്ളവര്‍ക്ക് ലഭിക്കില്ല.

    നിലവില്‍ ഡിസ്‌കവര്‍ ഖത്തര്‍ ക്വാറന്റൈന്‍ ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വെബ്സൈറ്റില്‍ നേരത്തേ യുകെയില്‍ നിന്ന് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ പോലെ പ്രത്യേക ലിങ്ക് ഉണ്ടാവുമെന്നാണ് അറിയുന്നത്. അതോടൊപ്പം ഈ രാജ്യക്കാര്‍ക്ക് ക്വാറന്റൈനായി പ്രത്യേക ഹോട്ടലുകളും ഏര്‍പ്പെടുത്തിയേക്കും.

    ഈ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ വിമാനക്കമ്പനികളും പിസിആര്‍ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത കര്‍ശനമായി പരിശോധിക്കണമെനന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും എച്ച്‌ഐഎയും അറിയിച്ചു. സാധ്യമെങ്കില്‍ അംഗീകാരമുള്ള മുദ്ര സ്റ്റാമ്പ് ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാരും വിമാനം എത്തി ഒരു ദിവസത്തിനുള്ളില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ പോവണം. സ്വകാര്യ ക്വാറന്റൈന്‍ അനുവദിക്കില്ല.

    ഓരോ യാത്രക്കാര്‍ക്കും പിസിആര്‍ പരിശോധനകള്‍ക്ക് വിധേയമായിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില്‍ 1, 5, 9 ദിവസങ്ങളില്‍ പരിശോധന നടത്തണം. ഒമ്പതാം ദിവസം നെഗറ്റീവ് ആവുകയും പത്താം ദിവസം ഫലം പുറത്തുവരികയും ചെയ്താല്‍ അവരെ ഡിസ്ചാര്‍ജ് ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്. അതിഥികളെ പൊതു സ്ഥലങ്ങളോ മറ്റ് അതിഥികളോ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

Qatar has also imposed stricter restrictions on Indians

Tags:    

Similar News