ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി ഖത്തര്‍

ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ചുമത്തിയ ഉപരോധത്തിന് രണ്ട് വയസ് തികയുമ്പോളാണ് സാമ്പത്തിക മേഖലയിലുള്ള ഈ വളര്‍ച്ച എന്നതും ഏറെ ശ്രദ്ധേയമാണ്. കര,വ്യോമ,നാവിക പാതകളെല്ലാം അടച്ചുകൊണ്ടുള്ള ഉപരോധം രണ്ട് വര്‍ഷം പിന്നിടുമ്പോഴും പരിഹാരസാധ്യതകള്‍ അകലെയാണ്.

Update: 2019-06-09 01:03 GMT

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി ഖത്തര്‍. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടന്ന സാമ്പത്തിക രാജ്യാന്തര ഫോറത്തിലെ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യൂസഫ് അല്‍ ജെയ്ദയാണ് ഇക്കാര്യം അറിയിച്ചത്. ഭാവി സാമ്പത്തിക വളര്‍ച്ച ലക്ഷ്യമാക്കി ഇന്ത്യ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിദേശരാജ്യങ്ങളില്‍ ഖത്തര്‍ നിക്ഷേപം നടത്താനൊരുങ്ങുകയാണെന്ന് ജെയ്ദ അറിയിച്ചു. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലായിരിക്കും ഖത്തറിന്റെ നിക്ഷേപമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യയ്ക്ക് പുറമെ റഷ്യ, ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലും നിക്ഷേപമിറക്കാന്‍ ഖത്തറിന് പദ്ധതിയുണ്ട്. നിലവില്‍ ഊര്‍ജജ രംഗത്ത് മാത്രമാണ് ഇത്രയും രാജ്യങ്ങളുമായി സഹകരണം പുലര്‍ത്തുന്നത്. മറ്റ് മേഖലകളിലേക്ക് കൂടി സഹകരണം വ്യാപിപ്പിക്കാനാണ് തീരുമാനം. നിലവില്‍ ജിസിസി രാജ്യങ്ങളില്‍ ഏറ്റവും മികച്ച സാമ്പത്തിക വളര്‍ച്ചാനിരക്കുള്ളത് ഖത്തറിനാണ്.

ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ചുമത്തിയ ഉപരോധത്തിന് രണ്ട് വയസ് തികയുമ്പോളാണ് സാമ്പത്തിക മേഖലയിലുള്ള ഈ വളര്‍ച്ച എന്നതും ഏറെ ശ്രദ്ധേയമാണ്. കര,വ്യോമ,നാവിക പാതകളെല്ലാം അടച്ചുകൊണ്ടുള്ള ഉപരോധം രണ്ട് വര്‍ഷം പിന്നിടുമ്പോഴും പരിഹാരസാധ്യതകള്‍ അകലെയാണ്. ഇക്കഴിഞ്ഞ ദിവസം നടന്ന ജിസിസി യോഗത്തില്‍ സൗദി രാജാവിന്റെ ക്ഷണമനുസരിച്ച് ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുത്തെങ്കിലും ഉപരോധ വിഷയങ്ങളൊന്നും ചര്‍ച്ചയ്ക്ക് വന്നില്ല.

ഉപരോധം പിന്‍വലിക്കാന്‍ പതിമൂന്ന് നിബന്ധനകളായിരുന്നു സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിന് മുന്നില്‍ വെച്ചത്. ഭീകരവാദ സംഘടനകള്‍ക്കുള്ള സഹായങ്ങള്‍ അവസാനിപ്പിക്കുക, അല്‍ജസീറയുടെ സംപ്രേക്ഷണം നിര്‍ത്തുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു അത്.

എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച ഖത്തര്‍ ഒരു ഉപാധികളും അംഗീകരിക്കാന്‍ തയ്യാറായില്ല. ഈ നാല് രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിന്നതോടെ ഖത്തര്‍ മറ്റു വഴികള്‍ തേടി. പെട്ടെന്നുണ്ടായ പ്രതിസന്ധി മാസങ്ങള്‍ കൊണ്ട് തന്നെ ഖത്തര്‍ മറികടന്നു.

കാര്യമായും ഇറക്കുമതി ചെയ്തിരുന്ന പാലിന്റെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനത്തില്‍ രാജ്യം സ്വയംപര്യാപ്തത കൈവരിച്ചു. തകര്‍ച്ച നേരിട്ട സമ്പദ് രംഗവും തിരിച്ചുവന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിദേശരാജ്യങ്ങളില്‍ ഖത്തര്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നത്.




Tags:    

Similar News