ഇറാനുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളോട് ആവശ്യപ്പെട്ട് ഖത്തര്‍
മറ്റു ജിസിസി രാജ്യങ്ങള്‍ ഇറാനുമായി ബന്ധം മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും ബന്ധം സ്ഥാപിക്കാനുള്ള ശരിയായ സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദോഹ: ഇറാനുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ച് ഖത്തര്‍. ഇത് സംഭവിക്കുമെന്ന പ്രതീക്ഷയും ബ്ലൂം ബര്‍ഗ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പങ്കുവച്ചു. ഇത് നടക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നത്. മറ്റു ജിസിസി രാജ്യങ്ങള്‍ ഇറാനുമായി ബന്ധം മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും ബന്ധം സ്ഥാപിക്കാനുള്ള ശരിയായ സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറ് അംഗ ഗള്‍ഫ് സഹകരണ കൗണ്‍സിലിലെയും ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിലെയും നേതാക്കള്‍ തമ്മില്‍ ഉച്ചകോടി നടത്തണമെന്ന് ദീര്‍ഘകാലമായി ആവശ്യപ്പെട്ടിരുന്ന ഖത്തറി വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി, തന്റെ സര്‍ക്കാര്‍ 'ഇത് സംഭവിക്കുമെന്ന് തങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ വര്‍ഷങ്ങളായി അയല്‍ രാഷ്ട്രങ്ങളോട് ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. അതിനിടെയാണ് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയത്. ജനുവരി ആദ്യത്തോടെ ഉപരോധം പിന്‍വലിച്ചതോടെ വീണ്ടും ഖത്തര്‍ ഇതേ ആവശ്യം ഉയര്‍ത്തുകയായിരുന്നു. പശ്ചിമേഷ്യയില്‍ നിരന്തരം അശാന്തി പടര്‍ത്തുകയാണ് ഇറാന്‍ ചെയ്യുന്നതെന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ വ്യാപക ആരോപണം.