അങ്കാറ: തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 23,000 പിന്നിട്ടു. രക്ഷാപ്രവര്‍നത്തിനായി കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള സംഘം സിറിയയിലേക്ക് എത്തുകയാണ്. തിരച്ചില്‍ ദുഷ്‌കരമാണെന്നും കാര്യക്ഷമമാക്കാന്‍ സാധിക്കുന്നില്ലെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചു. 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഭീകരമായ ഭൂകമ്പത്തില്‍ മരണസംഖ്യ 24,000ലേക്ക് അടുക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 23,700. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്.
തിരച്ചില്‍ വിചാരിച്ചത്ര കാര്യക്ഷമമാക്കാന്‍ സാധിക്കുന്നില്ലെന്ന് ആദിയമാന്‍ പ്രവിശ്യ സന്ദര്‍ശിച്ച തുര്‍ക്കി പ്രസിഡന്റ് പ്രതികരിച്ചു. സഹായമെത്തിക്കാന്‍ സിറിയയില്‍ അടിയന്തര വെടിനിര്‍ത്തലിന് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിട്ടുണ്ട്. സിറിയയില്‍ 5.3 ദശലക്ഷം ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടതായും ഐക്യരാഷ്ട്രസഭ അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് സഹായമെത്തിക്കുന്നതിന് അനുമതി നല്‍കിയതായി സിറിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
തുര്‍ക്കിയിലേക്കും സിറിയയിലേക്കും സഹായത്തിനായി യുഎഇ ഇതുവരെ അയച്ചത് 27 വിമാനങ്ങളാണ്. രക്ഷാപ്രവര്‍ത്തനത്തിന് യുഎന്നിന്റെ ആദ്യസംഘം ഇന്നലെ സിറിയയിലെത്തി. തുര്‍ക്കിക്ക് ലോകബാങ്കും സഹായധനം വാഗ്ദാനം ചെയ്തു. മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് ലോകാരോഗ്യസംഘടനയടക്കം കണക്കുകൂട്ടുന്നത്. 1939 ന് ശേഷമുള്ള തുര്‍ക്കിയിലെ ഏറ്റവും മാരകമായ ഭൂകമ്പമായി മാറിയിരിക്കുന്നു. കൂടാതെ പതിറ്റാണ്ടുകള്‍ക്ക് ശേഷം ലോകമെമ്പാടുമുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണിത്.