കൊല്ലത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോവാന്‍ ക്വട്ടേഷന്‍; പ്രതി കസ്റ്റഡിയില്‍

പതിനാലുകാരന്റെ അമ്മ ഇടനിലക്കാരിയായി ബന്ധുവില്‍ നിന്ന് 10 ലക്ഷം രൂപ അയല്‍വാസിക്ക് വാങ്ങി നല്‍കിയിരുന്നു. അയല്‍വാസി ഈ പണം മടക്കി നല്‍കിയില്ല. പണം തിരികെ കിട്ടാത്തതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ബന്ധുവിന്റെ മകന്‍ സൈദലി ഒരു ലക്ഷം രൂപയ്ക്ക് കൊട്ടേഷന്‍ നല്‍കിയത്.

Update: 2022-09-07 18:41 GMT

കൊല്ലം: കൊല്ലം കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഫിസിയോതെറാപ്പിസ്റ്റ് ആയ സൈദലിയാണ് പോലിസ് കസ്റ്റഡിയിലായത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് വേണ്ടി ക്വട്ടേഷന്‍ നല്‍കിയത് ഇയാളാണെന്ന് നേരത്തെ പോലിസ് കണ്ടെത്തിയിരുന്നു.

അവയവ മാഫിയ ആണോ തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നായിരുന്നു കുട്ടിയെ കാണാതായതിന് പിന്നാലെ പോലിസിന്റെ ആദ്യ സംശയം. പിന്നീട് പോലിസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സാമ്പത്തിക പ്രശ്‌നങ്ങളാണ് സംഭവങ്ങള്‍ക്ക് കാരണമെന്ന് വ്യക്തമായത്. പതിനാലുകാരന്റെ അമ്മ ഇടനിലക്കാരിയായി ബന്ധുവില്‍ നിന്ന് 10 ലക്ഷം രൂപ അയല്‍വാസിക്ക് വാങ്ങി നല്‍കിയിരുന്നു. അയല്‍വാസി ഈ പണം മടക്കി നല്‍കിയില്ല. പണം തിരികെ കിട്ടാത്തതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ബന്ധുവിന്റെ മകന്‍ സൈദലി ഒരു ലക്ഷം രൂപയ്ക്ക് കൊട്ടേഷന്‍ നല്‍കിയത്. ഇയാള്‍ മാര്‍ത്തണ്ഡത്ത് ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുകയാണ്.

ഒമ്പതംഗ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. എതിര്‍ത്ത സഹോദരിയെ അടിച്ചുവീഴ്ത്തി സംഘം കുട്ടിയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.വിവരം അറിഞ്ഞ ഉടന്‍ തന്നെ സംസ്ഥാനത്തെ എല്ലാ പോലിസ് സ്‌റ്റേഷനുകളിലേക്കും കൊട്ടിയം പോലിസ് സന്ദേശം നല്‍കി. പൂവാര്‍ സ്‌റ്റേഷന്‍ പരിധിയില്‍ പൊലീസിനെ കണ്ട സംഘം കുട്ടിയേയും കൊണ്ട് ഓട്ടോയില്‍ പോകുന്നതിനിടെയാണ് പിടിയിലായത്.

തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശിയായ ബിജുവിനെ അറസ്റ്റ് ചെയ്തു. ബാക്കി ഉള്ളവര്‍ ഓടി രക്ഷപ്പെട്ടു. കേസില്‍ പിടിയിലാകാനുള്ള ബാക്കി ഏഴ് പ്രതികളും ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ തമിഴ്‌നാട് പോലിസിന്റെ സഹായത്തോടെയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

Similar News