നയന്‍താരയ്‌ക്കെതിരേ അശ്ലീല പരാമര്‍ശം; നടന്‍ രാധാ രവിയെ സസ്‌പെന്‍ഡ് ചെയ്ത് ഡിഎംകെ
രാധാ രവിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റു ചുമതലകളില്‍ നിന്നുംനീക്കുന്നതായി ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ചെന്നൈ: പൊള്ളാച്ചി പീഡനത്തെ കുറിച്ചും നടി നയന്‍താരയെ കുറിച്ചും ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയ നടനും ഡിഎംകെ നേതാവുമായ രാധാ രവിയെ സസ്‌പെന്റ് ചെയ്ത് ഡിഎംകെ. നയന്‍താരയുടെ പുതിയ ഹൊറര്‍ ചിത്രമായ കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസിങിനിടെയാണ് രാധാ രവിയുടെ വിവാദ പരാമര്‍ശം.
നയന്‍താരയെ നിങ്ങള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നൊന്നും വിളിക്കരുത്. പുരട്ചി തലൈവര്‍, നടികര്‍ തിലകം, സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ പറയുന്നത്, അത്തരം വിശേഷങ്ങള്‍ ശിവാജി ഗണേശന്‍, എംജിആര്‍, രജനീകാന്ത് തുടങ്ങിയവര്‍ക്കൊക്കയാണ് ചേരുക. അവരോടൊന്നും നയന്‍താരയെ താരതമ്യം ചെയ്യരുത്. പിന്നെ നയന്‍താരയുടെ ജീവിതത്തിലെ കാര്യങ്ങളൊക്കെ ഇവിടെ അറിയാം. പക്ഷേ അവര്‍ ഇപ്പോഴും വലിയ താരമാണ്. അതിന് കാരണം എല്ലാം പെട്ടെന്ന് മറക്കുന്ന തമിഴ് മക്കളുടെ സ്വഭാവമാണ്. തമിഴില്‍ പ്രേതമായും അതേ സമയം തന്നെ തെലുങ്കില്‍ സീതയായും നയന്‍താര അഭിനയിക്കും. എന്റെ കാലത്തൊക്കെ കെ ആര്‍ വിജയയെ പോലുള്ള നടിമാരായിരുന്നു സീതയുടെ വേഷം ചെയ്യുന്നത്. ഇന്ന് ആര്‍ക്കുവേണമെങ്കിലും സീതയുടെ വേഷം ചെയ്യാം. കണ്ടാല്‍ തൊഴുത് നില്‍ക്കാന്‍ തോന്നുന്നവര്‍ക്കും സീതയാവാം. കണ്ടാല്‍ വിളിക്കാന്‍ തോന്നുവര്‍ക്കും സീതയാകാം. ഇത്തരത്തില്‍ നയന്‍താരയുടെ വ്യക്തിജീവിതം അടക്കം പരാമര്‍ശിച്ച് തികഞ്ഞ അവഹേളനമാണ് താരം നടത്തിയത്.
അതേസമയം, എന്താണ് വലിയ സിനിമയും ചെറിയ സിനിമയും തമ്മിലുള്ള വ്യത്യാസം? ഒരാള്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ അതൊരു ചെറിയ ചിത്രമാണ്. പൊള്ളാച്ചിയിലേത് പോലെ 40പേര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ അത് വലിയ ചിത്രം എന്നുമായിരുന്നു പൊള്ളാച്ചി പീഡനവുമായി ബന്ധപ്പെട്ട പരാമര്‍ശം.
രണ്ട് പരാമര്‍ശങ്ങള്‍ക്കുമെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി ഗായിക ചിന്മയി, സംവിധായകനായ വിഘ്‌നേഷ് ശിവന്‍ എന്നിവര്‍ രംഗത്തെത്തി. സ്റ്റാലിനെയും കനിമൊഴിയെയും ടാഗ് ചെയ്ത് ട്വിറ്ററിലായിരുന്നു വിഗ്‌നേഷ് ശിവന്റെ പ്രതികരണം.
പിന്നാലെയാണ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് കാണിച്ച് രാധാ രവിയെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റു ചുമതലകളില്‍ നിന്നും രാധാ രവിയെ നീക്കിയതായി ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ ഇന്നലെ രാത്രി വൈകി പ്രസ്താവന ഇറക്കിയത്. നേരത്തെ നടികര്‍ സംഘം പ്രസിഡന്റായിരുന്ന രാധാ രവി നിലവില്‍ ദക്ഷിണേന്ത്യന്‍ ഡബ്ബിങ് അസോസിയേഷന്‍ പ്രസിഡന്റാണ്.