ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ അമേത്തിയിലെയും റായ്ബറേലിയിലെയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്നും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തന്‍ കിഷോരി ലാല്‍ ശര്‍മ അമേത്തിയില്‍ നിന്നും മല്‍സരിക്കും. രണ്ട് സീറ്റുകളിലേക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം ഇന്നു വൈകീട്ട് മൂന്നിനാണ്. രണ്ട് മണ്ഡലങ്ങളിലും മെയ് 20നാണ് വോട്ടെടുപ്പ്. 2004 മുതല്‍ അമേത്തിയില്‍ രാഹുല്‍ ഗാന്ധിയാണ് ജയിച്ചത്. 2019 വരെ തുടര്‍ച്ചയായി മൂന്ന് തവണ അവിടെ നിന്ന് പാര്‍ലമെന്റ് അംഗമായി തുടര്‍ന്നെങ്കിലും കഴിഞ്ഞ തവണ ബിജെപിയിലെ സ്മൃതി ഇറാനിയോട് തോറ്റു. നിലവില്‍ കേരളത്തിലെ വയനാട് മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ഇത്തവണയും വയനാട്ടില്‍ മല്‍സരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കോട്ടയെന്നറിയപ്പെടുന്ന റായ്ബറേലിയില്‍ ഏറെക്കാലമായി സോണിയാ ഗാന്ധിയാണ് ജയിക്കുന്നത്. സോണിയാ ഗാന്ധി ഇത്തവണ രാജ്യസഭാ എംപിയായതോടെ പ്രിയങ്കാ ഗാന്ധി മല്‍സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും കിഷോരി ലാല്‍ ശര്‍മയ്ക്കാണ് നറുക്ക് വീണത്.