അനിശ്ചിതത്വം നീങ്ങി; അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു
ഉത്തര്‍പ്രദേശിലെ അമേത്തിക്കു പുറമെ കേരളത്തിലെ വയനാട്ടിലും രാഹുല്‍ഗാന്ധി പത്രിക നല്‍കിയിട്ടുണ്ട്
ലഖ്‌നോ: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക അമേത്തിയില്‍ റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചു. എതിര്‍ സ്ഥാനാര്‍ഥിയുടെ തടസ്സവാദം കാരണം മാറ്റിവച്ചിരുന്ന പത്രിക ഇന്ന് സൂക്ഷ്മ പരിശോധന നടത്തിയ ശേഷമാണ് സ്വീകരിച്ചത്. രാഹുല്‍ ഗാന്ധി പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി സ്വതന്ത്ര സ്ഥാനാര്‍ഥി ധ്രുവ് ലാലാണ് പരാതി നല്‍കിയിരുന്നത്. ബ്രിട്ടന്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങളില്‍ രാഹുല്‍ഗാന്ധി ബ്രിട്ടന്‍ പൗരനെന്ന് രേഖപ്പെടുത്തിയിരുന്നുവെന്നായിരുന്നു പരാതി. അതിനാല്‍തന്നെ ഇന്ത്യന്‍ പൗരനല്ലാത്തയാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ലെന്നും പത്രിക തള്ളണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം. മാത്രമല്ല, സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്ന കമ്പനിയുടെ ആസ്തികളെയും ലാഭവിഹിതത്തെയും കുറിച്ച് വിശദാംശങ്ങള്‍ നല്‍കിയിട്ടില്ലെന്നും ആരോപിച്ചിരുന്നു. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ അവ്യക്തതയുണ്ടെന്നും അതിനാല്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ധ്രുവ് ലാല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സൂക്ഷ്മ പരിശോധന നടത്തി തടസ്സവാദങ്ങള്‍ തള്ളിയാണ് രാഹുലിന്റെ പത്രിക സ്വീകരിച്ചത്. പത്രിക സ്വീകരിക്കാതെ മാറ്റിവച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആശങ്കയ്ക്കിടയാക്കിയിരുന്നു. ഉത്തര്‍പ്രദേശിലെ അമേത്തിക്കു പുറമെ കേരളത്തിലെ വയനാട്ടിലും രാഹുല്‍ഗാന്ധി പത്രിക നല്‍കിയിട്ടുണ്ട്.