രാഹുല്‍ ഗാന്ധി രാജിവയ്ക്കുമോ...?; എഐസിസി നിര്‍ണായക യോഗം ഇന്ന്

തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ പദവി രാജിവയ്ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ മുതിര്‍ന്ന അറിയിച്ചതായാണു സൂചന. എന്നാല്‍ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇത് തടഞ്ഞിട്ടുണ്ടെങ്കിലും ഇന്നത്തെ യോഗത്തിലെ കൂടി വികാരം കണക്കിലെടുത്താവും അന്തിമതീരുമാനമെടുക്കുക.

Update: 2019-05-24 20:58 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമോയെന്നു ഇന്നറിയാം. തോല്‍വി സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി രാജിസന്നദ്ധത ആവര്‍ത്തിച്ചേക്കും. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ പദവി രാജിവയ്ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ മുതിര്‍ന്ന അറിയിച്ചതായാണു സൂചന. എന്നാല്‍ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇത് തടഞ്ഞിട്ടുണ്ടെങ്കിലും ഇന്നത്തെ യോഗത്തിലെ കൂടി വികാരം കണക്കിലെടുത്താവും അന്തിമതീരുമാനമെടുക്കുക. എടുത്തുചാടി രാജിവയ്ക്കുന്നതിലൂടെ പാര്‍ട്ടി കൂടുതല്‍ അപകടിത്തിലേക്ക് എത്തുകയാവും ഫലമെന്നു മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ രാജി വയ്ക്കുന്നത് ഉചിതമാവില്ലെന്നും ഇത് താഴേത്തട്ടിലേക്ക് നല്ല സന്ദേശം നല്‍കില്ലെന്നും സോണിയ രാഹുലിനോട് പറഞ്ഞതായാണു സൂചന.

    അതിനിടെ, തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ രാജി വയ്ക്കുന്നതായി രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കി. യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാറും ഒഡിഷ പിസിസി അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായികുമാണ് രാജിവച്ചത്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍പോലും വിജയം നല്‍കാനാവാത്തത് തന്റെ കൂടി വീഴ്ചയുണ്ടെന്ന് കാണിച്ചാണ് രാജ് ബബ്ബാര്‍ രാജിവച്ചത്. യുപിയില്‍ 80ല്‍ 62 സീറ്റുകളാണ് ബിജെപി നേടിയത്. കോണ്‍ഗ്രസില്‍ രാഹുലിന്റെ സംഘത്തിനെതിരേ കടുത്ത അതൃപ്തിയാണുള്ളത്. ഇത് പരസ്യവിമര്‍ശനമായി വന്നാല്‍ പാര്‍ട്ടിയുടെ അസ്ഥിത്വം തന്നെ ഇല്ലാതായേക്കുമെന്ന ആശങ്ക കോണ്‍ഗ്രസില്‍ ശക്തമാണ്. തീവ്ര ദേശീയത ഉയര്‍ത്തിയുള്ള മോദിയുടെയും ബിജെപിയുടെയും പ്രചാരണത്തിന് ബദലാവാന്‍ രാഹുലിനായില്ല. മോദിയെ എതിര്‍വശത്ത് നിര്‍ത്തി, ചൗകീദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യം ഉയര്‍ത്തിയത് തിരിച്ചടിയായെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. ഇനി എന്ത് വേണമെന്ന കാര്യം വിശദമായി പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്യണമെന്നും പാര്‍ട്ടിക്കകത്ത് തന്നെ ആവശ്യമുയരുന്നുണ്ട്. ഒഡിഷ, രാജസ്ഥാന്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് ലഭിക്കാത്തത് വരുംദിവസങ്ങളില്‍ പൊട്ടിത്തെറിയിലേക്കു വരെ കാര്യങ്ങള്‍ എത്തിച്ചേക്കാം. ഏതായാലും അല്‍ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്നത്തെ എഐസിസി യോഗത്തിനു ശേഷം രാഹുല്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരാനാണു സാധ്യത.



Tags:    

Similar News