'എന്റെ മോനെ ഒന്ന് കാണിച്ചു തരുമോ...' 90 വയസ്സുകാരിയായ ഉമ്മയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ
സിദ്ദീഖ് കാപ്പനെ വിഷയത്തില്‍ ഇടപെടണമെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും വിഷയത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നായിരുന്നു മറുപടി.
കോഴിക്കോട്: യുപി പോലിസ് യുഎപിഎ ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയുമായി സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദീഖ്. 90 വയസ്സായി ഓരോ ദിവസവും ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഉമ്മ മകനെ ഒരു നോക്ക് കാണാന്‍ കാത്തിരിക്കുകയാണെന്ന് അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
'സിദ്ധിഖ് ഇക്കയുടെ ഉമ്മാക് 90വയസ്സുണ്ട്. ഉമ്മയുടെ അവസ്ഥ ഓരോ ദിവസവും വഷളായി കൊണ്ടിരിക്കുകയാണ്. എന്റെ മോനെ എനിക്കൊന്നു കാണണം... ഒന്നുകാണിച്ചു തരുമോ എന്ന ചോദ്യത്തിന് മുന്നില്‍ ഞങ്ങള്ക്ക് ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല.. ഇക്കയെ കാണാനുള്ള അവസരം ഉണ്ടാവാന്‍ എല്ലവരും പ്രാര്‍ത്ഥിക്കണം. ആരോഗ്യം വീണ്ടെടുക്കാനും...'. റൈഹന ഫേസ്ബുക്കില്‍ കുറിച്ചു.
ഒക്‌ടോബര്‍ അഞ്ചിന് ഹാഥറസിലേക്ക് വാര്‍ത്താ ശേഖരിക്കുന്നതിനായി പോകവെയാണ് സിദ്ദീഖ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയ്തത്. യുപിയിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനാണ് പോയത്. ഹാഥ്‌റസിലേക്കുള്ള വഴിമധ്യേ യുപി പോലിസ് കസ്റ്റഡിയിലെടുത്തു. പിന്നീട് യുഎപിഎ ചുമത്തി ജയിലില്‍ അടക്കുകയായിരുന്നു.
കാപ്പന്റെ മോചനത്തിനായി കേരള പത്ര പ്രവര്‍ത്തക യൂനിയന്റെ നേതൃത്വത്തില്‍ സുപ്രീംകോടതിയില്‍ കേസ് നടക്കുന്നുണ്ട്. കാപ്പന്റെ മോചനം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, മുസ് ലിം ലീഗ്, എസ്ഡിപിഐ ഉള്‍പ്പടെ വിവിധ രാഷ്ട്രീയ രാഷ്ട്രീയ കക്ഷികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. സിദ്ദീഖ് കാപ്പനെ വിഷയത്തില്‍ ഇടപെടണമെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും വിഷയത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നായിരുന്നു മറുപടി. നേരത്തേ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന് മറ്റൊരു സംസ്ഥാനത്തെ കേസായതിനാല്‍ ഇടപെടാനാവില്ലെന്ന മറുപടിയാണ് എഡിജിപിയില്‍നിന്ന് ലഭിച്ചത്. ഇതേ നിലപാടാണ് മുഖ്യമന്ത്രി നിയമസഭയില്‍ ആവര്‍ത്തിച്ചത്.