ഓക്‌സിജന്‍ ക്ഷാമം; രാജ്യത്ത് ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടിക്കാനൊരുങ്ങി റെയില്‍വേ

രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് ഓക്‌സിജന്‍ എക്‌സ്പ്രസ് എന്ന പേരിലാണ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക. ഇതുസംബന്ധിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആവശ്യം കഴിഞ്ഞദിവസം റെയില്‍വേ അംഗീകരിച്ചു. കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ് ഓക്‌സിജന്‍ എക്‌സ്പ്രസ് സര്‍വീസിന്റെ കാര്യം വെളിപ്പെടുത്തിയത്. ക്രയോജനിക് ടാങ്കറുകളില്‍ ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജനായിരിക്കും ഓക്‌സിജന്‍ എക്‌സ്പ്രസുകളില്‍ ഉപയോഗിക്കുക.

Update: 2021-04-18 16:17 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ ഓക്‌സിജനുമായി പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് ഓക്‌സിജന്‍ എക്‌സ്പ്രസ് എന്ന പേരിലാണ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക. ഇതുസംബന്ധിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആവശ്യം കഴിഞ്ഞദിവസം റെയില്‍വേ അംഗീകരിച്ചു. കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ് ഓക്‌സിജന്‍ എക്‌സ്പ്രസ് സര്‍വീസിന്റെ കാര്യം വെളിപ്പെടുത്തിയത്.

ക്രയോജനിക് ടാങ്കറുകളില്‍ ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജനായിരിക്കും ഓക്‌സിജന്‍ എക്‌സ്പ്രസുകളില്‍ ഉപയോഗിക്കുക. ഇതിനായി ഓക്‌സിജന്‍ സിലിണ്ടറുകളും റെയില്‍വേ എത്തിക്കും. കൊവിഡ് ചികില്‍സയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഓക്‌സിജന്റെ ലഭ്യതയെന്ന് കേന്ദ്രമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തുടനീളം കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഇത്തരത്തിലുള്ള പ്രത്യേക ട്രെയിനുകള്‍ ഓടിത്തുടങ്ങും. മഹാരാഷ്ട്രയെ കൂടാതെ മധ്യപ്രദേശ് സര്‍ക്കാരും ഇതേ ആവശ്യവുമായി റെയില്‍വേയെ സമീപിച്ചിട്ടുണ്ട്. ഈ ട്രെയിനുകളുടെ വേഗത്തിലുള്ള സഞ്ചായത്തിന് ഹരിത ഇടനാഴിയും സജ്ജമാക്കും.

നിലവില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യമുണ്ട്. കൊവിഡ് പ്രതിസന്ധി ഇനിയും രൂക്ഷമായാല്‍ കേരളത്തിലും ഓക്‌സിജന്‍ ക്ഷാമമുണ്ടാവാന്‍ സാധ്യതയുണ്ട്. വിശാഖപട്ടണം, ജംഷഡ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഓക്‌സിജന്‍ ശേഖരിക്കാനായി മഹാരാഷ്ട്രയില്‍നിന്നുള്ള ട്രെയിന്‍ നാളെ പുറപ്പെടും. കൂടാതെ കൊവിഡ് രോഗികളെ ചികില്‍സിക്കാനായി ബെഡുകള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ റെയില്‍വേ കോച്ചുകള്‍ ബെഡുകളാക്കി മാറ്റുന്ന പ്രക്രിയയും നടക്കുന്നുണ്ട്. ഇതുവഴി കൂടുതല്‍ പേര്‍ക്ക് ചികില്‍സാ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനങ്ങളുടെ ആവശ്യമനുസരിച്ച് മൂന്ന് ലക്ഷത്തിലധികം ഇന്‍സുലേഷന്‍ ബെഡ്ഡുകള്‍ ഇത്തരത്തില്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. 800 കിടക്കകളോടുകൂടിയ 50 കൊവിഡ് ഐസൊലേഷന്‍ കോച്ചുകള്‍ ശാക്കൂര്‍ ബസ്തി സ്‌റ്റേഷനിലും 25 കോച്ചുകള്‍ ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ സ്‌റ്റേഷനിലും ലഭ്യമാണ്. ഡല്‍ഹിയിലെ കൊവിഡ് കേസുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകളും ഓക്‌സിജന്‍ സിലിണ്ടറുകളും ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരിക്കുകയാണ്.

Tags:    

Similar News