ദുരിത മഴ: കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം; വിച്ഛേദിക്കപ്പെട്ടത് മൂന്നരലക്ഷം കണക്ഷനുകള്‍
രണ്ടരലക്ഷം കണക്ഷനുകള്‍ പുനസ്ഥാപിച്ചു. ബാക്കിയുള്ളവ യുദ്ധകാലടിസ്ഥാനത്തില്‍ പരിഹരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. തല്‍ക്കാലം ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു.
തിരുവനന്തപുരം: മഴക്കെടുതിയില്‍ കെഎസ്ഇബിക്ക് 13.67 കോടിയുടെ നഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍. മൂന്നരലക്ഷം വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ടു. രണ്ടരലക്ഷം കണക്ഷനുകള്‍ പുനസ്ഥാപിച്ചു. ബാക്കിയുള്ളവ യുദ്ധകാലടിസ്ഥാനത്തില്‍ പരിഹരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. തല്‍ക്കാലം ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു.
അതേസമയം അറബിക്കടലിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. എന്നാല്‍ തുലാവര്‍ഷത്തിന് മുന്നോടിയായിയുള്ള കിഴക്കന്‍ കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ബുധനാഴ്ചയോടെ മഴ കനക്കും. ബുധനാഴ്ച്ച മുതല്‍ നാല് ദിവസത്തേക്ക് വ്യാപക മഴ തുടരും. ബുധനാഴ്ച തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ഇനിയും മഴ തുടര്‍ന്നാല്‍ സ്ഥിതി വഷളാകും.
കെഎസ്ഇബിയുടെ കക്കി, ഷോളയാര്‍, പെരിങ്ങല്‍കൂത്ത്, കുണ്ടള, കല്ലാര്‍ക്കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, മൂഴിയാര്‍ ഡാമുകളിലാണ് നിലവില്‍ റെഡ് അലര്‍ട്ടുള്ളത്. ജലസേചന വകുപ്പിന്റെ പീച്ചി, ചുള്ളിയാര്‍ ഡാമുകളിലും റെഡ് അലര്‍ട്ടാണ്. ജലാശയങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാലും ജാഗ്രത വേണം. ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്.