ക്രിമിനല്‍ നടപടി തിരിച്ചറിയല്‍ ബില്‍ രാജ്യസഭയും പാസാക്കി
നിയമം ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സിപിഐ അംഗം ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി: ക്രിമിനല്‍ നടപടി തിരിച്ചറിയല്‍ ബില്‍ രാജ്യസഭയിലും പാസായി. പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്‍ പാസായത്. ബില്ലിനെ ഭയക്കുന്നതെന്തിനാണെന്ന ചോദ്യമുയര്‍ത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ, മനുഷ്യാവകാശം, സ്വകാര്യത വാദങ്ങള്‍ ഉന്നയിച്ച് അനാവശ്യ എതിര്‍പ്പുയര്‍ത്തരുതെന്നും പറഞ്ഞു.
'മനുഷ്യാവകാശമെന്നത് ഒരു ഭാഗത്ത് മാത്രമുള്ളതല്ല. അക്രമങ്ങള്‍ക്ക് ഇരയാകാവുന്നവര്‍ക്കും മനുഷ്യാവകാശമുണ്ട്. ദേശസുരക്ഷ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവരുന്നത്. പോലിസ് സേന കൂടുതല്‍ സജ്ജമാകേണ്ടതുണ്ട്'. ബില്ലില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ദുരുപയോഗം ചെയ്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാസ്ത്രീയാടിസ്ഥാനത്തിലുള്ള കുറ്റാന്വേഷണം രാജ്യത്ത് കൂടുതല്‍ മികവുറ്റതാകും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ നിയമങ്ങള്‍ അത്ര കര്‍ക്കശമല്ല. ബ്രിട്ടണ്‍, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ കടുത്ത നിയമങ്ങളാണ് നിലവിലുള്ളതെന്നും അമിത് ഷാ പറഞ്ഞു.
ബില്‍ അവതരിപ്പിക്കുന്ന വേളയില്‍ അമിത് ഷായും ബിനോയ് വിശ്വവും തമ്മില്‍ രാജ്യസഭയില്‍ തര്‍ക്കമുണ്ടായി.നിയമം ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സിപിഐ അംഗം ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.എന്നാല്‍ ഒരു നിയമവും ദുരുപയോഗം ചെയ്യുന്നില്ലെന്ന് അമിത് ഷാ മറുപടി നല്‍കി. രാഷ്ട്രീയ കൊലപാതകം നടക്കുന്ന കേരളത്തില്‍ നിന്നുള്ള അംഗമായ ബിനോയ് വിശ്വത്തിന് അങ്ങനെ പറയാന്‍ അവകാശമില്ലെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
ക്രിമിനല്‍ കേസുകളില്‍ കുറ്റാരോപിതരാകുന്നവരുടേതടക്കം ജൈവ സാംപിളുകള്‍ ശേഖരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. സാംപിളുകള്‍ നല്‍കാന്‍ വിസമ്മതിച്ചാല്‍ കുറ്റമായി കണക്കാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. കഴിഞ്ഞ ദിവസം ലോക്‌സഭയിലും ബില്‍ പാസായിരുന്നു. രാഷ്ട്രപതി കൂടി ഒപ്പ് വയ്ക്കുന്നതോടെ നിയമമാകും.