റേഷന്‍ കാര്‍ഡ് മസ്റ്ററിങ്: ആനുകുല്യം നിഷേധിക്കാനുള്ള കുറുക്കുവഴിയായി മാറരുത്-ജോണ്‍സണ്‍ കണ്ടച്ചിറ

Update: 2024-10-07 13:43 GMT

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് സംസ്ഥാനത്തെ റേഷന്‍ ഉപഭോക്താക്കളുടെ ആനുകുല്യം നിഷേധിക്കാനുള്ള കുറുക്കുവഴിയായി മാറരുതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി ഒരു ലക്ഷത്തിലധികം പേരുടെ മസ്റ്ററിങ് അസാധുവായി എന്ന റിപോര്‍ട്ട് ഖേദകരമാണ്. ഉപജീവന മാര്‍ഗമുള്‍പ്പെടെ എല്ലാം നിര്‍ത്തിവച്ച് മസ്റ്ററിങിന് ഹാജരായവര്‍ മസ്റ്ററിങ് വിജയകരമായി പൂര്‍ത്തിയായെന്നു കരുതിയാണ് മടങ്ങിയത്. അവരെ വലിയ നിരാശയിലാക്കിയിരിക്കുകയാണ് മസ്റ്ററിങ് അസാധുവാക്കല്‍. മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍ നാളിതുവരെ ആനുകുല്യം നേടിയവര്‍ സാങ്കേതിക പിശകിന്റെ പേരില്‍ പുറത്താവുന്നത് നീതീകരിക്കാനാവില്ല. സംസ്ഥാനത്ത് മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് സമയപരിധി ചൊവ്വാഴ്ച അവസാനിക്കുകയാണ്. വിരലടയാളം പൊരുത്തപ്പെടാത്തതിനാല്‍ മസ്റ്ററിങ് നടത്താന്‍ കഴിയാത്തവരുമുണ്ട്. ഐറിസ് സ്‌കാനറിന്റെ സഹായത്തോടെ ഇവരുടെ കണ്ണടയാളം സ്വീകരിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കേണ്ടതുണ്ട് റേഷന്‍കടകളില്‍ ഐറിസ് സ്‌കാനറില്ല എന്നതും പ്രതിസന്ധിയായിരിക്കുകയാണ്. കുട്ടികളുടെ മസ്റ്ററിങ് നടത്തുന്നതിന് സാങ്കേതിക തടസ്സം മൂലം അക്ഷയയിലേക്ക് അയയ്ക്കുന്ന സാഹചര്യവുമുണ്ട്. സംസ്ഥാനത്തെ അര്‍ഹമായ മുഴുവന്‍ ആളുകള്‍ക്കും ആനുകുല്യം ഉറപ്പാക്കുന്നതിന് മസ്റ്ററിങ് സമയപരിധി നീട്ടാന്‍ ആവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തണം. കൂടാതെ അര്‍ഹതപ്പെട്ട ഒരാള്‍ക്കും ആനുകുല്യം നിഷേധിക്കപ്പെടാന്‍ ഇടയാവരുത്. അതിനായി പേരിലെ പൊരുത്തക്കേട് സംബന്ധിച്ച് കൃത്യമായ പരിശോധന നടത്തി പരിഹാരം കാണാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും ജോണ്‍സണ്‍ കണ്ടച്ചിറ ആവശ്യപ്പെട്ടു.

Tags:    

Similar News