വിതരണക്കാരന്റെ നിര്‍മാണത്തിലുള്ള വീട്ടില്‍ നിന്ന് ആറ് ടണ്‍ റേഷനരി കണ്ടെത്തി

നാട്ടുകാര്‍ അരി പിടികൂടിയ വിവരം സിവില്‍ സപ്ലൈസ് അധികൃതരെ അറിയിച്ചിട്ടും സ്ഥലത്തെത്തിയത് മണിക്കൂറുകള്‍ കഴിഞ്ഞാണ്. നടപടികളെടുക്കാത്തതിനെ തുടര്‍ന്ന് സിവില്‍ സ്‌പ്ലൈസ് ഗോഡൗണിലെത്തി നാട്ടുകാര്‍ ഉന്നത ഉദ്യോഗസ്ഥരെ തടഞ്ഞു.

Update: 2020-09-29 15:40 GMT

മാനന്തവാടി: കെല്ലൂരിലെ റേഷന്‍ കടയുടമയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് ആറ് ടണ്ണിലധികം റേഷനരി കണ്ടെത്തി. ദ്വാരകയിലെ റേഷന്‍ കട നടത്തിപ്പുകാരനായ കെല്ലൂര്‍ സ്വദേശി കെ നിസാറിന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിനുള്ളില്‍ നിന്നാണ് എഴുപതിലധികം ചാക്കുകളിലായി സൂക്ഷിച്ച റേഷനരി സ്വകാര്യ കമ്പനിയുടെ പേരിലുള്ള ചാക്കുകളിലേക്ക് മാറ്റിനിറച്ച നിലയില്‍ കണ്ടെത്തിയത്.

അധികൃതര്‍ അരി പിടിച്ചെടുത്ത് സിവില്‍ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

നാട്ടുകാര്‍ അരി പിടികൂടിയ വിവരം സിവില്‍ സപ്ലൈസ് അധികൃതരെ അറിയിച്ചിട്ടും സ്ഥലത്തെത്തിയത് മണിക്കൂറുകള്‍ കഴിഞ്ഞാണ്. നടപടികളെടുക്കാത്തതിനെ തുടര്‍ന്ന് സിവില്‍ സ്‌പ്ലൈസ് ഗോഡൗണിലെത്തി നാട്ടുകാര്‍ ഉന്നത ഉദ്യോഗസ്ഥരെ തടഞ്ഞു. തുടര്‍ന്ന് പനമരത്ത് നിന്നും പോലിസെത്തി പ്രതിഷേധക്കാരുമായും സിവില്‍ സപ്ലൈസ് മേധാവികളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അരികണ്ടെത്തിയ സംഭവം അന്വേഷിച്ച് കുറ്റക്കാരനായ ഗോഡൗണ്‍ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാമെന്നും സംശയത്തിന്റെ നിഴലിലുള്ള എആര്‍ഡി 35,40 നമ്പര്‍ ഷാപ്പുകളിലെ സ്‌റ്റോക്ക് പരിശോധിച്ച് തുടര്‍ നടപടികളെടുക്കുമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ പി ഉസ്മാന്‍ ഉറപ്പ് നല്‍കി.




Tags:    

Similar News