സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍
സിപിഎം നേതാവ് കൂടിയായ റസാഖ് നേരത്തേ പുളിക്കല്‍ ഗ്രാമപ്പഞ്ചായത്തിലേക്ക് സിപിഎം ടിക്കറ്റില്‍ മല്‍സരിച്ചിരുന്നു. മാത്രമല്ല തന്റെ വീടും പുരയിടവും ഇഎംഎസ് അക്കാദമിക്ക് ദാനം നല്‍കുകയും ചെയ്തിരുന്നു.
മലപ്പുറം: മാലിന്യപ്രശ്‌നത്തിനെതിരേ സമരം നടത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തകനെ ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക സമിതി മുന്‍ സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനും സിപിഎം നേതാവുമായ റസാഖ് പയമ്പ്രോട്ടിനെയാണ് പുളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പഞ്ചായത്തിനെതിരേ നല്‍കിയ പരാതികള്‍ അടക്കമുള്ള ഫയലുകള്‍ കഴുത്തില്‍ തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ 5.30ഓടെ ഇദ്ദേഹത്തെ പുളിക്കല്‍ പഞ്ചായത്ത് ഓഫിസ് സ്ഥിതി ചെയ്യുന്ന ആലുങ്ങലില്‍ കണ്ടതായി പ്രദേശവാസികള്‍ പറയുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് പുളിക്കല്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരേ റസാഖ് രംഗത്തെത്തിയിരുന്നു. തന്റെ സഹോദരന്റെ മരണത്തിന് കാരണം പഞ്ചായത്ത് അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍നിന്നുള്ള വിഷമാലിന്യമാണെന്ന് റസാഖ് നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ഉള്‍പ്പെടെ പോസ്റ്റ് ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. സിപിഎം നേതാവ് കൂടിയായ റസാഖ് നേരത്തേ പുളിക്കല്‍ ഗ്രാമപ്പഞ്ചായത്തിലേക്ക് സിപിഎം ടിക്കറ്റില്‍ മല്‍സരിച്ചിരുന്നു. മാത്രമല്ല തന്റെ വീടും പുരയിടവും ഇഎംഎസ് അക്കാദമിക്ക് ദാനം നല്‍കുകയും ചെയ്തിരുന്നു. നേരത്തേ വര്‍ത്തമാനം ദിനപത്രത്തില്‍ കോഓഡിനേറ്റിങ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം കൊണ്ടോട്ടിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന വര എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായിരുന്നു. അന്തരിച്ച തിരക്കഥാകൃത്ത് ടി എ റസാഖിന്റെ ഭാര്യാ സഹോദരനാണ്. മരണവിവരമറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധവുമായി ഗ്രാമപ്പഞ്ചായത്ത് ഓഫിസിനു മുന്നിലെത്തി. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയാണ് മരണത്തിന് ഉത്തരവാദിയെന്നും കാരണക്കാരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തില്‍നിന്ന് പിന്നോട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.