ഇന്ത്യയിലും ഡിജിറ്റല്‍ രൂപ; ഇ- റുപ്പി ഡിസംബര്‍ ഒന്നിന് പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: ഇന്ത്യയിലും ഒടുവില്‍ ഡിജിറ്റല്‍ രൂപ എത്തുന്നു. ഇ- റുപ്പി ഡിസംബര്‍ ഒന്നിന് പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നിലവിലെ കറന്‍സി നോട്ടുകള്‍ക്ക് പുറമെയായിരിക്കും ഇ- റുപ്പി വിനിമയം. പരീക്ഷണമെന്ന നിലയിലാണ് ഡിസംബറില്‍ ഡിജിറ്റല്‍ രൂപ പുറത്തിറക്കുന്നതെന്ന് റീട്ടെയില്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) വ്യക്തമാക്കി. ഡിജിറ്റല്‍ ടോക്കണിന്റെ രൂപത്തിലായിരിക്കും ഇ- രൂപയെന്ന് ആര്‍ബിഐ പറയുന്നു. മൊത്ത വിപണിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് മുതല്‍ ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിച്ചിരുന്നു.
നിലവില്‍ കറന്‍സിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യത്തില്‍ തന്നെ ഡിജിറ്റല്‍ രൂപ പുറത്തിറക്കും. ഇത് ഇടനിലക്കാര്‍ വഴി വിതരണം ചെയ്യും, അതായത്, രാജ്യത്തെ തിരഞ്ഞെടുത്ത ബാങ്കുകള്‍ വഴി വിതരണം ചെയ്യപ്പെടും. പങ്കെടുക്കുന്ന ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നതും മൊബൈല്‍ ഫോണുകള്‍/ ഉപകരണങ്ങളില്‍ സംഭരിച്ചിരിക്കുന്നതുമായ ഡിജിറ്റല്‍ വാലറ്റ് വഴി ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ രൂപ ഉപയോഗിച്ച് ഇടപാട് നടത്താന്‍ കഴിയുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഇടപാടുകള്‍ വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കും (P2P) വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്കും (P2M) ആവാം.
വ്യാപാരികള്‍ക്കുള്ള പേയ്‌മെന്റുകള്‍ വ്യാപാരസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന QR കോഡുകള്‍ ഉപയോഗിച്ച് നടത്താം- ആര്‍ബിഐ പ്രസ്താവനയില്‍ പറയുന്നു. ഈ പൈലറ്റ് ലോഞ്ചിനായി എട്ട് ബാങ്കുകളെയാണ് ആര്‍ബിഐ തിരഞ്ഞെടുത്തത്. നാല് നഗരങ്ങളില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നീ നാല് ബാങ്കുകളുമായി ആദ്യ ഘട്ടം ആരംഭിക്കും. പിന്നീട് ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ഈ പൈലറ്റില്‍ ഉള്‍പ്പെടുത്തും.
നിങ്ങളുടെ അക്കൗണ്ടുകള്‍ ഈ ബാങ്കുകളിലാണെങ്കില്‍, നിങ്ങള്‍ക്ക് ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാനും കഴിയും. മുംബൈ, ന്യൂഡല്‍ഹി, ബാംഗ്ലൂര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇത് ആരംഭിക്കുക. പിന്നീട് അഹമ്മദാബാദ്, ഗാംഗ്‌ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലഖ്‌നോ, പട്‌ന, ഷിംല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. എല്ലാ ബാങ്കുകളെയും ഉള്‍പ്പെടുത്തി പരീക്ഷണ പദ്ധതിയുടെ വ്യാപ്തി ക്രമേണ വര്‍ധിപ്പിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യത പഠിക്കാന്‍ 2020 ല്‍ ഒരു ഗ്രൂപ്പിനെ ആര്‍ബിഐ നിയമിച്ചിരുന്നു.
ആര്‍ബിഐ ഡിജിറ്റല്‍ രൂപയെക്കുറിച്ചുള്ള ഒരു കണ്‍സെപ്റ്റ് നോട്ട് പുറത്തിറക്കി. പരീക്ഷണാടിസ്ഥാനത്തില്‍ പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഡിജിറ്റല്‍ രൂപ ആര്‍ബിഐ പുറത്തിറക്കും. 2022 ലെ യൂനിയന്‍ ബജറ്റില്‍ ഡിജിറ്റല്‍ രൂപ പുറത്തിറക്കുമെന്ന് ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു ഡിജിറ്റല്‍ രൂപയുടെ അന്തിമ പതിപ്പ് ഇനിയും തയ്യാറായിട്ടില്ല. പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ശേഷം മാത്രമായിരിക്കും അന്തിമരൂപം നിശ്ചയിക്കുക.