സംസ്ഥാനത്തെ ഏഴ് ബൂത്തുകളില്‍ വന്‍ സുരക്ഷയില്‍ റീപോളിങ് തുടങ്ങി

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലിസ് സംഘം ബൂത്തുകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്

Update: 2019-05-19 01:06 GMT

കണ്ണൂര്‍: കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് ലോക്‌സഭാ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം റീ പോളിങ് തുടങ്ങി. കാസര്‍കോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലാണ് കനത്ത സുരക്ഷാ സന്നാഹങ്ങളോടെ റീപോളിങ് നടക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലിസ് സംഘം ബൂത്തുകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കള്ളവോട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ തന്നെ വോട്ടര്‍മാര്‍ ബൂത്തിലെത്തി തുടങ്ങിയിട്ടുണ്ട്. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ കല്യാശ്ശേരിയിലെ ബൂത്ത് നമ്പര്‍ 19, പിലാത്തറ യുപിസ്‌കൂളിലെ ബൂത്ത് നമ്പര്‍ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച്എസ് നോര്‍ത്ത് ബ്ലോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച്എസ് സൗത്ത് ബ്ലോക്ക്, കണ്ണൂര്‍ മണ്ഡലത്തിലെ തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍, ധര്‍മ്മടത്ത് രണ്ട് ബൂത്തുകള്‍, തൃക്കരിപ്പൂര്‍ കൂളിയാട് ജിഎച്ച്എസ് എന്നിവിടങ്ങളിലാണ് റീപോളിങ് നടക്കുന്നത്.

    റീ പോളിങ് നടക്കുന്ന ബൂത്തുകളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കാന്‍ എല്ലായിടത്തും ഓരോ വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പര്‍ദ്ദ ധരിച്ച് മുഖാവരണവുമായി വോട്ട് ചെയ്യാനെത്തുന്നവരുടെ മുഖം പരിശോധിക്കും. കഴിഞ്ഞ തവണ വോട്ടെടുപ്പ് നടന്നപ്പോള്‍ ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, പര്‍ദ്ദയിട്ട് മുഖാവരണം അണിഞ്ഞ് കള്ളവോട്ട് ചെയ്യാന്‍ വരുന്നുണ്ടെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പരാമര്‍ശം വിവാദമായതോടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ മുഖാവരണം നീക്കി പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിച്ചത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടിങ്. വോട്ടര്‍മാരുടെ ഇടതുകൈയിലെ നടുവിരലിലാണ് മഷി പുരട്ടുക. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീ പോളിങ് നടക്കുന്നത്. ഏതായാലും നേതാക്കളുടെ വാക്‌പോരുകള്‍ക്കിടയിലും കനത്ത പോളിങ് നടക്കുമെന്നാണ് വിലയിരുത്തല്‍.



Tags:    

Similar News