കുലംകുത്തികള്‍ അടുത്ത സമ്മേളനം കാണില്ല: സിപിഎം ജില്ലാ സെക്രട്ടറി
മന്ത്രി വീണാ ജോര്‍ജിനെതിരായ വ്യക്തിഹത്യ 2016ല്‍ തുടങ്ങിയതാണ്. പാര്‍ലമെന്ററി മോഹമുള്ളവരാണ് അവര്‍. ഇവരെ തിരുത്താന്‍ പാര്‍ട്ടിക്ക് അറിയാമെന്നും സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു പറഞ്ഞു
പത്തനംതിട്ട: പാര്‍ട്ടിക്കുള്ളിലെ കുലംകുത്തികള്‍ അടുത്ത സമ്മേളനം കാണില്ലെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു മുന്നറിയിപ്പ് നല്‍കി. ഇന്നലെ സമാപിച്ച ഏരിയാ സമ്മേളത്തിലെ ചര്‍ച്ചകള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു ഉദയഭാനുവിന്റെ കുലംകുത്തികള്‍ക്കെതിരായ വിമര്‍ശനം. മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്നുവന്ന കരുനീക്കം അത്തരം ആളുകളുടെ ഭാഗത്തുനിന്നാണ്. അവര്‍ അടുത്ത സമ്മേളനം കാണില്ല. 2016ലും 2021ലും വീണാ ജോര്‍ജിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരുണ്ട്. ജില്ലാ കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും ഉള്‍പ്പെടെയുള്ളവര്‍ അക്കൂട്ടത്തിലുണ്ട്. അവരെ തിരുത്താന്‍ പാര്‍ട്ടിക്ക് അറിയാം ഉദയഭാനു വ്യക്തമാക്കി. മന്ത്രി വീണാ ജോര്‍ജിനെതിരായ വ്യക്തിഹത്യ 2016ല്‍ തുടങ്ങിയതാണ്. രണ്ടുപ്രാവശ്യം അവരെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരുണ്ട്. പാര്‍ലമെന്ററി മോഹമുള്ളവരാണ് അവര്‍. ഇവരെ തിരുത്താന്‍ പാര്‍ട്ടിക്ക് നന്നായി അറിയാമെന്നും ഉദയഭാനു പറഞ്ഞു. വിശ്വാസങ്ങള്‍ക്ക് പാര്‍ട്ടി എതിരല്ലെന്നും വിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ട്. അദ്ദേഹം വ്യക്തമാക്കി. വീണാ ജോര്‍ജ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ ചിലര്‍ വിമര്‍ശിച്ചിരുന്നു. വീണ ജോര്‍ജ്ജ് മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത് ദൈവനാമത്തിലായത് പാര്‍ട്ടിയിലെ ചിലരെ ചൊടിപ്പിച്ചിരുന്നു. സംഘടനാ ചട്ടക്കൂടിലേക്ക് വരാന്‍ സമയമെടുക്കുമെന്നാണ് ഉദയഭാനു മറുപടിയില്‍ സൂചിപ്പിച്ചത്.