സൗദി എണ്ണ പ്ലാന്റുകള്‍ക്കുനേരെയുള്ള ഡ്രോണ്‍ ആക്രമണം; യമനിലെ ഹൂഥികള്‍ ഉത്തരവാദിത്വം ഏറ്റെടുത്തു

കിഴക്കന്‍ സൗദി അറേബ്യയിലെ അബ്‌ഖൈക്കിലെയും ഖുറായികളിലെയും റിഫൈനറികള്‍ ലക്ഷ്യമിട്ട് 10 ഡ്രോണുകള്‍ ഉള്‍പ്പെടുന്ന വന്‍ ആക്രമണമാണ് വിമതര്‍ ലക്ഷ്യമിട്ടതെന്ന് അല്‍ മസിറ പറഞ്ഞു.

Update: 2019-09-14 14:57 GMT

സന്‍ആ: സൗദി അറേബ്യയിലെ അരാംകോയുടെ രണ്ട് എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ ആളില്ലാ വിമാനങ്ങള്‍ (ഡ്രോണ്‍) ഉപയോഗിച്ച് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യമനിലെ ഹൂഥി വിമതര്‍.സംഘടനയുടെ അല്‍ മസിറ ടെലിവിഷന്‍ ആണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. കിഴക്കന്‍ സൗദി അറേബ്യയിലെ അബ്‌ഖൈക്കിലെയും ഖുറായികളിലെയും റിഫൈനറികള്‍ ലക്ഷ്യമിട്ട് 10 ഡ്രോണുകള്‍ ഉള്‍പ്പെടുന്ന വന്‍ ആക്രമണമാണ് വിമതര്‍ ലക്ഷ്യമിട്ടതെന്ന് അല്‍ മസിറ പറഞ്ഞു.

ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സൗദിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എണ്ണ നിര്‍മ്മാതാക്കളായ അരംകോയുടെ പ്ലാന്റുകളില്‍ തീപിടുത്തമുണ്ടായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി നേരത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. രണ്ടിടങ്ങളിലേയും തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.

സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യം യമനിലെ ഹൂഥി വിമതര്‍ക്കെതിരേ സൈനിക നടപടി സ്വീകരിച്ച് വരികയാണ്.


Tags:    

Similar News