കബീര്‍ കൊണ്ടോട്ടി
ജിദ്ദ: മുവാറ്റുപുഴ പുതുപ്പാടി സ്വദേശികളായ മുഹമ്മദ് ഹാഫിസ്, ഹിജാസ് ഇഖ്ബാല്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന രാജ്യാന്തര റൈഡിന് ജിദ്ദയില്‍ സ്വീകരണം നല്‍കി. ജിദ്ദ ഷറഫിയയില്‍ അബീര്‍ ഗ്രൂപ്പ് ഒരുക്കിയ സ്വീകരണത്തില്‍ ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക കൂട്ടാഴ്മയുടെ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും സ്വദേശികള്‍ക്കും പുറമെ സൗദിയിലെ ബൈക്ക് റൈഡേഴ്‌സും പങ്കെടുത്തു.
നവംബര്‍ 25 ന് മുവാറ്റുപ്പുഴയില്‍ ഡീന്‍ കുര്യക്കോസ് എംപി യും നടന്‍ സിയാസ് കരീമും ചേര്‍ന്നാണ് ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചത്. സാങ്കേതിക കാരണങ്ങളാല്‍ ഇവര്‍ക്ക് നേരിട്ട് നാട്ടില്‍ നിന്നും യാത്ര തുടരാന്‍ സാധിച്ചില്ല. പകരം റൈഡിന് ഉപയോഗിക്കുന്ന വാഹനം കപ്പല്‍ മാര്‍ഗം ദുബായില്‍ എത്തിച്ച് യാത്ര ആരംഭിക്കുകയായിരുന്നു. ഡിസംബര്‍ 7 മുതല്‍ യുഎഇ എമിറേറ്റ്കളില്‍ പര്യടനം തുടങ്ങി കഴിഞ്ഞ മാസം ആദ്യത്തിലാണ് ബത്ത ബോര്‍ഡര്‍ ചെക്ക് പോസ്റ്റ് വഴി സൗദിയില്‍ പ്രവേശിച്ചത്. ശേഷം റിയാദിലും ദമാമിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി അയല്‍ രാജ്യമായ ബഹ്‌റൈനില്‍ പ്രവേശിച്ച് വീണ്ടും സൗദിയിലെത്തി ഉംറ നിര്‍വ്വഹിച്ചു. മക്കയില്‍ അബീര്‍ ഗ്രൂപ്പിന്റെ സ്വീകരണത്തിന് ശേഷമാണ് ജിദ്ദയില്‍ ഇന്നലെ എത്തിയത്.
ജിദ്ദയില്‍ എത്തിയ റൈഡേഴ്‌സ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലത്തെ സന്ദര്‍ശിച്ചു. റമദാനിന് മുമ്പായി ഖത്തറും ഒമാനും സന്ദര്‍ശിക്കാന്‍ നിയമപരമായ സഹായം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചതായി റൈഡേഴ്‌സ് തേജസ് ന്യൂസ്‌നോട് പറഞ്ഞു. ഖത്തര്‍, ഒമാന്‍ സന്ദര്‍ശന ശേഷം റമദാനില്‍ മക്കയില്‍ തിരിച്ചെത്തി ചെറിയ പെരുന്നാളിന് ശേഷം ആഫ്രിക്കയിലേക്ക് തിരിക്കും.
അണ്‍ നോണ്‍ ഡെസ്റ്റിനേഷന്‍ എന്ന പേരില്‍ യൂട്യൂബ് ചാനല്‍ അവതരിപ്പിക്കുന്ന മുഹമ്മദ് ഹാഫിസും , ഹിജാസ് ഇഖ്ബാലും 'മേഡ് ഇന്‍ ഇന്ത്യ വിത്ത് പ്രൈഡ്' എന്ന ക്യാപ്ഷനുമായാണ് മഹീന്ദ്ര താര്‍ ജീപ്പില്‍ ലോകം ചുറ്റാന്‍ ഇറങ്ങിയത്. എന്നാല്‍ ഇതുവരെ മഹീന്ദ്ര കമ്പനി ഒരു സഹായവും ഇവര്‍ക്ക് നല്‍കിയിട്ടില്ല എന്നും എന്നാല്‍ ഭാവിയില്‍ കമ്പനി പരിഗണിക്കും എന്ന പ്രതീക്ഷ ഉണ്ടെന്നും റൈഡേഴ്‌സ് കൂട്ടിച്ചേര്‍ത്തു.
സൗദിയിലും യുഎഇലുമുള്ള സ്ഥാപനങ്ങളും പ്രവാസി സുഹൃത്തുക്കളും സംഘടനകളും നല്‍കിയ
സ്വീകരണത്തിലും സഹായത്തിലും ഏറെ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. ജിദ്ദയിലെ ഓണ്‍ലൈന്‍ ചാനലുകളായ ഹെല്‍ത്ത് ആന്റ് എന്റര്‍ടൈമെന്റ്ഉം ലാലു മീഡിയയും റൈഡേഴ്‌സ്മായുള്ള അഭിമുഖം സംഘടിപ്പിക്കുന്നുണ്ട്.