'മതപരമായ വിവേചനം, കസ്റ്റഡി മര്‍ദനം': യുപി പോലിസിനെതിരേ എന്‍സിഎച്ച്ആര്‍ഒ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു
പോപുലര്‍ഫ്രണ്ട് യുപി അഡ്‌ഹോക് കമ്മിറ്റി അംഗം നദീമിന്റെ വീട്ടില്‍ അധിക്രമിച്ച് കടന്ന യുപി പോലിസ് വ്യാപകമായ ആക്രമണമാണ് അഴിച്ചുവിട്ടതെന്ന് എന്‍സിഎച്ച്ആര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഹിന്ദുത്വര്‍ തകര്‍ത്ത സ്ഥലത്ത് രാമ ക്ഷേത്രം നിര്‍മിക്കുന്നതിന്റെ മറവില്‍ മുസ് ലിം യുവാക്കളെ വേട്ടയാടുന്ന യുപി പോലിസിന്റെ നടപടിക്കെതിരേ എന്‍സിഎച്ച്ആര്‍ഒ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. യുപി പോലിസ് മുസ് ലിം യാവുക്കളെ തിരഞ്ഞുപിടിച്ച് കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയായിരുന്നെന്ന് എന്‍സിഎച്ച്ആര്‍ഒ പരാതിയില്‍ പറഞ്ഞു.
ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടന്നത്. അതിന് മുന്നോടിയായി ആഗസ്റ്റ് നാലിന് യുപി പോലിസ് മുസ് ലിം യുവാക്കളെ കസ്റ്റഡിയിലെടുക്കാനും പീഡിപ്പിക്കാനും തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 38 മുസ് ലിം യുവാക്കളെയാണ് യുപി പോലിസ് ഇത്തരത്തില്‍ പീഡിപ്പിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. മതപരമായി മുദ്രചാര്‍ത്തിയും വിവേചനപരമായും പോലിസ് കസ്റ്റഡിയില്‍ യുവാക്കള്‍ പീഡനത്തിന് ഇരയായി.
സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് തടങ്കലില്‍ വയ്ക്കല്‍, വ്യാജ കേസുകളില്‍ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കല്‍, മുസ് ലിം വീടുകളില്‍ അധിക്രമിച്ച് കടന്നുള്ള തിരച്ചില്‍, നിയമവിരുദ്ധവും ഏകപക്ഷീയവുമായ റെയ്ഡുകള്‍, വീട്ടുതടങ്കല്‍, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തല്‍, കസ്റ്റഡി പീഡനം തുടങ്ങി മുസ് ലിം യുവാക്കള്‍ക്കെതിരേ വ്യാപക അധിക്രമമാണ് അരങ്ങേറിയത്.
പോലിസ് വേട്ടയാടിയ 38 പേരില്‍ 19 പേരെ വിവിധ ജില്ലകളിലെ പോലിസ് കസ്റ്റഡിയിലെടുത്തു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ശേഖരിച്ച വിശദാംശങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും അനുസരിച്ച് ബരാബങ്കി ജില്ലയില്‍ നിന്ന് 5, ലഖ്‌നൗവില്‍ നിന്ന് 3, ബഹ്‌റൈച്ച് ജില്ലയില്‍ നിന്ന് 15, ബനാറസ് (വാരണാസി) ജില്ലയില്‍ നിന്ന് 4, സീതാപൂര്‍ ജില്ലയില്‍ നിന്ന് 4, ഷംലിയില്‍ നിന്ന് 9 പേര്‍, മുസഫര്‍ നഗറില്‍ നിന്നുള്ള ഒരാളും പോലിസ് മര്‍ദനങ്ങള്‍ക്ക് ഇരയായി. ഇവരില്‍ 3 പേരെ ഫോണിലൂടെ പോലീസ് ഭീഷണിപ്പെടുത്തി. ഷംലിയിലും മുസാഫര്‍നഗറിലും 18 മുസ്‌ലിം വീടുകളില്‍ പോലിസ് അധിക്രമിച്ച് കടന്ന് റെയ്ഡ് നടത്തി.
പിടിയിലായ 19 പേരില്‍ 13 പേരെ ഓഗസ്റ്റ് 5 നും അടുത്ത ദിവസം രാത്രിയിലും പോലിസ് വിട്ടയച്ചു. ആറ് പേര്‍ക്കെതിരെ കള്ളക്കേസ് ചുമത്തി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉത്തര്‍പ്രദേശ് അഡ്‌ഹോക് കമ്മിറ്റി അംഗമായ നദീമിനെതിരെ രണ്ട് കേസുകള്‍ ചുമത്തിയാണ് കുര്‍സി പോലിസ് അറസ്റ്റ് ചെയ്തത്. അബ്ദുല്‍ മജീദ് എന്ന യുവാവിനെ ഒരു കേസില്‍ ലഖ്‌നൗ കകോരി പോലിസും മുഹമ്മദ് അലീം, ഖമറുദ്ദീന്‍, സാഹിബെ ആലം എന്നിവരെ ഓരോ കേസുകള്‍ ചുമത്തി ജര്‍വാള്‍ പോലിസും സര്‍വാര്‍ അലിയെ കൈരാന പോലിസും അറസ്റ്റ് ചെയ്തു.
പോലിസ് പിടികൂടിയ ജേര്‍ണലിസം വിദ്യാര്‍ഥി മിസ്ബാ ഇര്‍ഫാനെ 24 മണിക്കൂര്‍ കസ്റ്റഡിയില്‍ പീഡിപ്പിച്ച ശേഷം ഓഗസ്റ്റ് അഞ്ചിന് വിട്ടയച്ചു. എന്നാല്‍, ആഗസ്റ്റ് 14ന് ഇര്‍ഫാനെ വീണ്ടും പോലിസ് അറസ്റ്റ് ചെയ്തു. വാട്‌സ്ആപ്പില്‍ 'ആര്‍എസ്എസ് ആസാദി' എന്ന ഹാഷ് ടാഗിലുള്ള പോസ്റ്റര്‍ പോസ്റ്റ് ചെയ്തതിനാണ് ഇര്‍ഫാനെ യുപി പോലിസ് വീണ്ടും അറസ്റ്റ് ചെയ്തത്.
ബരാബങ്കിയിലെ സഹോദരിയുടെ വീട്ടിലെത്തിയ ഉന്നാവോ സ്വദേശി വസീമിനെ അര്‍ദ്ധരാത്രിയില്‍ പോലിസ് അറസ്റ്റ് ചെയ്തു. വസീമിന്റെ സഹോദരിയെ പോലിസ് ആക്രമിക്കുകയും വീട്ടുസാധനങ്ങള്‍ വലിച്ചെറിയുകയും വസീമിനെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഒരു ദിവസം അകാരണമായി കസ്റ്റഡിയില്‍ പീഡിപ്പിച്ച ശേഷമാണ് ഇയാളെ പോലിസ് വിട്ടയച്ചത്.
പോപുലര്‍ഫ്രണ്ട് യുപി അഡ്‌ഹോക് കമ്മിറ്റി അംഗം നദീമിന്റെ വീട്ടില്‍ അധിക്രമിച്ച് കടന്ന യുപി പോലിസ് വ്യാപകമായ ആക്രമണമാണ് അഴിച്ചുവിട്ടതെന്ന് എന്‍സിഎച്ച്ആര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആഗസ്റ്റ് നാലിന് രാത്രി 10.30 ഓടെ രണ്ട് വാഹനങ്ങളിലായി ഇരച്ചെത്തിയ പോലിസ് വീട്ടിലേക്ക് അധിക്രമിച്ച് കയറി വ്യാപകമായ തിരച്ചില്‍ നടത്തി. വീട്ടുസാധനങ്ങള്‍ അലങ്കോലപ്പെടുത്തി. നദീം ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇതോടെ പോലിസ് നദീമിന്റെ സഹോദരന്‍ ഫഹീമിനെ കസ്റ്റഡിയിലെടുത്തു. നദീമിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി. നദീം പോലിസ് സ്‌റ്റേഷനില്‍ ഹാജരായില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി. നദീം വീട്ടിലെത്തിയ ശേഷം സഹോദരനെ മോചിപ്പിക്കാനായി സ്റ്റേഷനിലേക്ക് പോയി. എന്നാല്‍, ഇരുവരെയും പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ അന്വേഷിച്ചെത്തിയ നദീമിന്റെ ബന്ധു അലാവുദ്ദീനെയും പോലിസ് പിടിച്ചുവച്ചു. ആഗസ്റ്റ് എട്ട് വരെ നദീമിനെ പോലിസ് കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിച്ചതായും എന്‍സിഎച്ച്ആര്‍ഒ നല്‍കിയ പരാതിയില്‍ പറയുന്നു.
ലഖ്‌നൗ, ബറാബങ്കി, ബഹ്‌റൈച്ച്, സീതാപൂര്‍, ബനാറസ് എന്നിവിടങ്ങളില്‍ കസ്റ്റഡിയിലെടുത്ത മുസ് ലിം യുവാക്കളെ പോലിസ് ഉദ്യോഗസ്ഥര്‍ ദേശദ്രോഹി എന്ന് മുദ്രചാര്‍ത്തുകയും അവര്‍ക്കും മതത്തിനും എതിരേ മോശമായി സംസാരിക്കുകയും ചെയ്തു. യുപി പോലിസിന്റെ വിവേചനപരമായ നടപടിക്കെതിരേ എന്‍സിഎച്ച്ആര്‍ഒ ഡല്‍ഹി ഘടകം ജനറല്‍ സെക്രട്ടറി അഡ്വ. അന്‍സാര്‍ ഇന്‍ഡോറി ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. പോലിസ് നടപടിക്കെതിരേ സമഗ്രമായ അന്വേഷണം വേണമെന്നും പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.