മുസ്‌ലിംകളെ അയല്‍ക്കാരാക്കുന്നതില്‍ ജൈനര്‍ക്കും ഹിന്ദുക്കള്‍ക്കും വിമുഖത; രാജ്യത്ത് മുസ്‌ലിംകള്‍ നേരിടുന്ന വിവേചനം തുറന്നു കാട്ടി എസ് രുക്മിണിയുടെ പുസ്തകം

എന്നാല്‍, സത്യം കൂടുതല്‍ സങ്കീര്‍ണമാണെന്നാണ് എസ് രുക്മിണി എഴുതിയ Numbers and Half Truths: What Data Can and Cannot Tell Us About Modern India എന്ന പുസ്തകം ചൂണ്ടിക്കാട്ടുന്നത്.

Update: 2021-12-30 15:28 GMT

ന്യൂഡല്‍ഹി: തങ്ങള്‍ തങ്ങളുടെ മതത്തിലെ യാഥാസ്ഥിക നിലപാടുകള്‍ ശിരസ്സാവഹിക്കുന്നവരാണെങ്കിലും ഇന്ത്യക്കാര്‍ അക്കാര്യം അംഗീകരിച്ച് തരില്ല. എണ്ണമറ്റ ഇന്ത്യന്‍ പരസ്യങ്ങളില്‍നിന്നുള്ള സ്റ്റീരിയോ ടൈപ്പ് സൂചിപ്പിക്കുന്നതു പോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിനു വേണ്ടി വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ നടത്തിയേക്കാമെങ്കിലും വീട്ടില്‍ പാകം ചെയ്ത ഈദ് വിരുന്നിലേക്കുള്ള സഹപ്രവര്‍ത്തകന്റെ ക്ഷണം പ്രതീക്ഷിച്ച് ഓഫിസിലേക്ക് ദിവാലി മധുരം കൊണ്ടുവരുന്ന ഒരു ലിബറല്‍ വ്യക്തിയാണ് ഒരു ശരാശരി ഇന്ത്യക്കാരന്‍ എന്നതാണ് ഇന്ത്യയെക്കുറിച്ചുള്ള ഒരു ജനപ്രിയ ആഖ്യാനം.

എന്നാല്‍, സത്യം കൂടുതല്‍ സങ്കീര്‍ണമാണെന്നാണ് എസ് രുക്മിണി എഴുതിയ Numbers and Half Truths: What Data Can and Cannot Tell Us About Modern India എന്ന പുസ്തകം ചൂണ്ടിക്കാട്ടുന്നത്. കഠിനമായ വസ്തുതകളിലും ഇന്ത്യയുടെ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തിലും വേരൂന്നിയ ഈ പുസ്തകം ഇന്നത്തെ ഇന്ത്യയുടെ ഒരു ഛായാചിത്രം അവതരിപ്പിക്കുകയും അതിനെ ചോദ്യം ചെയ്യാനും പുനര്‍വിചിന്തനം ചെയ്യാനും അക്കങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു.

'ഓരോ ഇന്ത്യക്കാരനും അവരുടെ മതം രാജ്യത്തുടനീളം അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, അതിനര്‍ത്ഥം അവര്‍ മറ്റ് മതങ്ങളില്‍ നിന്നുള്ളവരുമായി ചങ്ങാത്തം കൂടാന്‍ ആഗ്രഹിക്കുന്നുവെന്നോ അവരെ അവരുടെ സമൂഹത്തിന്റെയോ കുടുംബത്തിന്റെയോ ഭാഗമായി കാണാന്‍ അനുവദിക്കുന്നുവെന്നോ അല്ല'-പുസ്തകം പറയുന്നു. രാജ്യത്തെ ഏഴു മുസ്‌ലിം യുവാക്കളില്‍ ഒരാള്‍ വീതം കടുത്ത വിവേചനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും പുസ്തകം ഡാറ്റകള്‍ വച്ച് സമര്‍ത്ഥിക്കുന്നു.

34 രാജ്യങ്ങളിലെ പ്യൂ സര്‍വെ വ്യക്തമാക്കിയത് ആളുകള്‍ക്ക് അവരുടെ മതം സ്വതന്ത്രമായി ആചരിക്കാനുള്ള അവകാശം നല്‍കുന്നതില്‍ ഇന്ത്യ ശരാശരിക്ക് തൊട്ടു മുകളിലാണ്. മൊത്തത്തില്‍, ഇന്ത്യക്കാര്‍ മതസഹിഷ്ണുതയെ ഒരു രാഷ്ട്രമെന്ന നിലയില്‍ തങ്ങളുടെ കേന്ദ്രബിന്ദുവായി കാണുന്നു.

'യഥാര്‍ത്ഥ ഇന്ത്യക്കാരന്‍' എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നത് വളരെ പ്രധാനമാണെന്നാണ് എല്ലാ മത വിഭാഗത്തിലേയും ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ഇന്ത്യക്കാര്‍ മൊത്തത്തില്‍ എല്ലാ മതങ്ങളോടും സഹിഷ്ണുത പുലര്‍ത്തുന്നവരാണെന്ന 'ഈ കണ്ടെത്തലാണ്' മാധ്യമങ്ങള്‍ പലപ്പോഴും ആഘോഷിച്ച് വരുന്നത്. എന്നാല്‍, സഹിഷ്ണുതയെക്കുറിച്ച് കുറേക്കൂടി വ്യക്തത ആവശ്യപ്പെടുന്ന ചോദ്യങ്ങള്‍ക്ക് ആഴത്തിലുള്ള മതപരമായ അസഹിഷ്ണുതയും പരമത വിദ്വേഷവും ആഴത്തില്‍ വേരോടിയതായി അനാവരണം ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ ഭൂരിഭാഗം ഹിന്ദുക്കളും തങ്ങള്‍ മുസ്‌ലിംകളില്‍നിന്ന് (66 ശതമാനം) വളരെ വ്യത്യസ്തരായാണ് വിലയിരുത്തുന്നത്. തങ്ങള്‍ ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്ഥത പുലര്‍ത്തുന്നവരാണെന്ന് മിക്ക മുസ്‌ലിംകളും (64 ശതമാനം) പറയുന്നു. 2019ലെ ദേശീയ സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊന്ന് ഹിന്ദുക്കളും വിലയിരുത്തിയത് മുസ്‌ലിംകള്‍ ദേശസ്‌നേഹികളല്ലെന്നാണ് (എന്നാല്‍, മുസ് ലിംകള്‍ അങ്ങനെ തോന്നിയിട്ടില്ല).

നാല് സംസ്ഥാനങ്ങളില്‍ നടന്ന സര്‍വേയില്‍ 40 ശതമാനം ഹിന്ദുക്കളും 43 ശതമാനം സിഖുകാരും മുസ്‌ലിംകളെ കൂടുതലും അക്രമാസക്തരായി കണക്കാക്കുന്നു. അതേസമയം, മുസ്‌ലിംകള്‍ ഒരു മതത്തില്‍ നിന്നുള്ളവരെ അക്രമാസക്തരായി കണക്കാക്കിയിട്ടില്ല.

മുസ്ലിംകള്‍ പാര്‍പ്പിട മേഖലയില്‍ അനുഭവിക്കുന്ന വേര്‍തിരിവ് ഡാറ്റയിലൂടെ തെളിയിക്കപ്പെട്ടതാണ്. ഡല്‍ഹിയിലെ വാടക പാര്‍പ്പിടവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഹിന്ദു, ദലിത്, മുസ്‌ലിം കുടുംബപ്പേരുകളുള്ളവര്‍ക്കിടയില്‍ നടത്തിയ 2015ലെ ഒരു സര്‍വെയിലെ ഫലം മുസ്‌ലിംകള്‍ അനുഭവിക്കുന്ന വിവേചനം വ്യക്തമാക്കുന്നതായിരുന്നു. സവര്‍ണ ജാതിയില്‍ പെട്ടവര്‍ക്ക് താമസ സ്ഥലം അനുവദിക്കാന്‍ മിക്ക ഭൂവുടമകളും സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ ദലിത് കുടിയാന്‍മാര്‍ക്ക് ലഭിച്ച പ്രതികരണം 59 ശതമാനം പോസിറ്റീവ് ആയിരുന്നു. എന്നാല്‍, മുസ്‌ലിം കുടിയാന്‍മാരോടുള്ള ഭൂവുടമകളുടെ സമീപനം വിവേചന പൂര്‍ണായിരുന്നു. ഓരോ മൂന്നെണ്ണത്തിലും ഒരാള്‍ക്ക് മാത്രമേ നല്ല പ്രതികരണം ലഭിച്ചുള്ളൂ. 36 ശതമാനം പേര്‍ക്ക് വ്യവസ്ഥകളോടെ നല്ല പ്രതികരണം ലഭിച്ചു. 30 ശതമാനം പൂര്‍ണ്ണമായും നിരസിക്കപ്പെട്ടു.

Tags:    

Similar News