'പരാമര്‍ശം തെറ്റായി റിപോര്‍ട്ട് ചെയ്തു'; ഇരയെ വിവാഹം കഴിക്കാന്‍ ബലാല്‍സംഗക്കേസിലെ പ്രതിയോട് പറഞ്ഞിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്
കോടതിക്ക് എപ്പോഴും സ്ത്രീകളോട് ആദരവാണുള്ളതെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ വ്യക്തമാക്കി. ബലാത്സംഗ കേസ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചത് രാജ്യ വ്യാപകമായി പ്രതിഷേധമുയര്‍ത്തിയിരുന്നു.
ന്യൂഡല്‍ഹി: ബലാത്സംഗ കേസ് പ്രതിയോട് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന ചോദിച്ചെന്ന തരത്തില്‍ മാധ്യമങ്ങളില്‍ പ്രചരിച്ചത് തെറ്റായ റിപോര്‍ട്ടാണെന്ന് സുപ്രിം കോടതി. കോടതിക്ക് എപ്പോഴും സ്ത്രീകളോട് ആദരവാണുള്ളതെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ വ്യക്തമാക്കി. ബലാത്സംഗ കേസ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചത് രാജ്യ വ്യാപകമായി പ്രതിഷേധമുയര്‍ത്തിയിരുന്നു.
നിയമ രംഗത്തുനിന്ന് ഉള്‍പ്പെടെയുള്ള ഒട്ടേറെ പേര്‍ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നു. പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ചീഫ് ജസ്റ്റിസിന് കത്തയക്കുകയും ചെയ്തിരുന്നു.
പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുകയല്ല കോടതി ചെയ്തതെന്നും മറിച്ച് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോവുകയാണോ എന്ന് ആരായുകയാണ് ചെയ്തതെന്നും അതു തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും ഇന്നു മറ്റൊരു കേസിന്റെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.
ബലാത്സംഗത്തിനിരയായ 14കാരിക്ക് ഗര്‍ഭഛിദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിശദീകരണം. കോടതി ഈ പെണ്‍കുട്ടിയോട് ഉദാരതയോടെ പെരുമാറിയെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിമര്‍ശനമാണ് നേരിട്ടതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിയുടെ പരാമര്‍ശം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.